മുംബൈ: രാജ്യത്ത് കോവിഡ് മൂന്നാംതരംഗം വരികയാണെങ്കിൽ അതിന് ഒരേയൊരു ഉത്തരവാദി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്. ജനങ്ങളോട് നിയന്ത്രണം പാലിക്കാൻ ആവശ്യപ്പെടുമ്പോൾ ബി.ജെ.പി പ്രവർത്തകർക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു.
'മഹാരാഷ്ട്രയിലും മറ്റെല്ലാ സംസ്ഥാനത്തും രോഗികളുടെ എണ്ണം വർധിക്കുകയാണ്. സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ബി.ജെ.പി പ്രവർത്തകർ പ്രധാനമന്ത്രിയെ അനുസരിക്കുന്നില്ല. യു.പിയിൽ അമിത് ഷായും യോഗിയും പങ്കെടുക്കുന്ന റാലികളിൽ ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. അവർ ഒരു നിയന്ത്രണവുമേർപ്പെടുത്തുന്നില്ല. ഇത് നിർത്താനും പോകുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന സമയത്താണ് രണ്ടാംതരംഗം ഉണ്ടായത്. ബി.ജെ.പി നേതാക്കളും പ്രവർത്തകരുമാണ് കോവിഡ് തരംഗത്തിന് കാരണമാകുന്നതെന്ന് വ്യക്തമാണ്' -നവാബ് മാലിക് പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നും മാലിക് ആരോപിച്ചു. തെരഞ്ഞെടുപ്പ് മാറ്റിവെക്കരുത്. സംസ്ഥാനങ്ങളെ രാഷ്ട്രപതി ഭരണത്തിന് കീഴിലാക്കാൻ ശ്രമിക്കരുത്. സാമൂഹിക നിയന്ത്രണം പാലിച്ചും വീടുകൾ കയറിയുള്ള പ്രചാരണം വഴിയും തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കും. യു.പിയിൽ ബി.ജെ.പി പരാജയം ഭയക്കുകയാണ്. യോഗിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടക്കരുതെന്നും ബി.ജെ.പിക്ക് ആഗ്രഹമുണ്ട്. അതിനാലാണ് അവർ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള നീക്കം നടത്തുന്നത് -മാലിക് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.