ന്യൂഡൽഹി: 2024ലെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബി.ജെ.പി ദക്ഷിണേന്ത്യയിൽ നിന്നും തുടച്ചുനീക്കപ്പെടുമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. ഉത്തരേന്ത്യയിൽ 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ കിട്ടിയതിന്റെ പകുതി സീറ്റ് മാത്രമേ അവർക്ക് ലഭിക്കു. 150 സീറ്റെങ്കിലും അവർക്ക് ലഭിച്ചാൽ ഭാഗ്യം. വലിയ ഭൂരിപക്ഷത്തോടെ ഇൻഡ്യ സഖ്യം അധികാരത്തിലെത്തുമെന്നും മനീഷ് തിവാരി പറഞ്ഞു.
സുഖ്ന തടാകത്തിന് സമീപം പ്രഭാത സവാരിക്ക് ഇറങ്ങിയവരിൽ നിന്ന് വോട്ട് തേടുന്നതിനിടെ വാർത്ത ഏജൻസിയായ എൻ.എൻ.ഐയോടായിരുന്നു മനീഷ് തിവാരിയുടെ പ്രതികരണം. ഛണ്ഡിഗഢ് ലോക്സഭ മണ്ഡലത്തിൽ നിന്നാണ് മനീഷ് തിവാരി ഇക്കുറി ജനവിധി തേടുന്നത്. മുൻ കേന്ദ്രമന്ത്രി സഞ്ജയ് ടണ്ഡനാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. ജൂൺ ഒന്നിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.
ബി.ജെ.പി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ നുണകളും വ്യാജ ആരോപണങ്ങളും പ്രചരിപ്പിക്കാൻ ബി.ജെ.പിയുടെ ഒരു ഫാക്ടറി പ്രവർത്തിക്കുന്നുണ്ട്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷത്തിനെതിരെ ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്നും മനീഷ് തിവാരി പറഞ്ഞു.
ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ മൂന്ന് അന്വേഷണ ഏജൻസികളുടെ പിന്തുണയോടെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അന്വേഷണ ഏജൻസികളെ വലിയ രീതിയിൽ ദുരുപയോഗം ചെയ്യുകയാണ് ബി.ജെ.പി ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ ഇതിൽ ശക്തമായ നടപടിയെടുക്കുന്നില്ലെന്നും മനീഷ് തിാവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.