ബംഗളൂരു: ബെളഗാവി ലോക്സഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ളയാളെ ഒരിക്കലും സ്ഥാനാർഥിയാക്കില്ലെന്ന് കര്‍ണാടക ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ. ഹിന്ദുത്വയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ബെളഗാവിയിൽ ഹിന്ദുത്വ പ്രചാരകര്‍ക്കേ സീറ്റു നല്‍കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ മുമ്പും ഇത്തരത്തിലുള്ള വിവാദ പ്രസ്താവന ഈശ്വരപ്പ നടത്തിയിട്ടുണ്ട്. കുറുബ, ലിംഗായത്ത്, വൊക്കലിഗ, ബ്രാഹ്മിണ്‍ എന്നീ സമുദായങ്ങളില്‍ ഏതെങ്കിലും ഒരു വിഭാഗത്തിൽനിന്നുള്ളയാളെ സ്ഥാനാർഥിയാക്കും. എന്നാൽ, ഒരിക്കലും മുസ്ലിമിന് സീറ്റ് നൽകില്ല. ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത് ജയിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥിയെ ചർച്ച ചെയ്ത് കേന്ദ്ര- സംസ്ഥാന നേതാക്കള്‍ ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി.യില്‍ കുറുബ, ലിംഗായത്ത്, വൊക്കലിഗ, ബ്രാഹ്മിണ്‍ എന്നുള്ള ചോദ്യമുദിക്കുന്നില്ല. സ്ഥാനാര്‍ഥിയെ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഇതാണ് ജനാധിപത്യപരമായ രീതിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.യല്ലാതെ മറ്റൊരു പാര്‍ട്ടിയിലും ഇത്തരത്തിലുള്ള ജനാധിപത്യസംവിധാനമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ഈശ്വരപ്പ മുസ് ലിം സമുദായത്തിൽനിന്നുള്ളവരെ ബി.ജെ.പി സ്ഥാനാർഥിയാക്കില്ലെന്ന സമാനമായ പ്രസ്താവന നടത്തിയിരുന്നു. കൊപ്പാലിൽ മുസ് ലിംങ്ങൾക്ക് സീറ്റ് നൽകില്ലെന്ന് പറഞ്ഞ അന്നത്തെ പ്രസ്താവനയും വിവാദമായിരുന്നു. ബെളഗാവിയിൽനിന്നുള്ള ലോക്സഭ എം.പിയും റെയില്‍വേ സഹമന്ത്രിയുമായ സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.