ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി; ഹരിയാന മന്ത്രിയും എം.എൽ.എയും രാജി വെച്ചു, വിമത ഭീഷണിയുമായി നിരവധി പ്രമുഖർ

ചണ്ഡീഗഡ്: ഹരിയാന നിയമസഭ തെര​ഞ്ഞെടുപ്പിൽ 67 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയതിന് പിന്നാലെ ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി. മന്ത്രിയും എം.എൽ.എയുമടക്കം നിരവധി പ്രമുഖർ രാജി പ്രഖ്യാപിച്ചു. വൈദ്യുതി മന്ത്രിയും റാനിയ എം.എൽ.എയുമായ രഞ്ജിത് ചൗട്ടാല മന്ത്രിസ്ഥാനം രാജിവച്ചു. വിമതനായി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി. റതിയ എം.എൽ.എ ലക്ഷ്മൺ നാപ എം.എൽ.എ സ്ഥാനം രാജിവെച്ച് പാർട്ടി വിട്ടു. മറ്റു മന്ത്രിമാരായ കരൺ ദേവ് കാംബോജ് (ഇന്ദ്രി മണ്ഡലം), ബിഷാംബർ വാൽമീകി (ബവാനി ഖേര മണ്ഡലം), സോനിപത്തിൽ നിന്നുള്ള മുൻ മന്ത്രി കവിതാ ജെയിൻ, ഷംഷേർ ഖാർകഡ, സുഖ്‌വീന്ദർ ഷിയോറൻ, ഹിസാറിൽ നിന്നുള്ള ഗൗതം സർദാന എന്നിവരാണ് വിമത സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തുവന്ന മറ്റു പ്രമുഖർ.

ബി.ജെ.പി സംസ്ഥാന നേതാവ് മോഹൻ ലാൽ ബദോലിക്ക് രാജിക്കത്ത് കൈമാറിയ ലക്ഷ്മൺ നാപ ഡൽഹിയിൽ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച കോൺഗ്രസിൽ ചേർന്നു. തന്റെ സിറ്റിങ് സീറ്റായ റതിയ മണ്ഡലത്തിൽ സിർസ മുൻ എം.പി സുനിത ദഗ്ഗലിന് ബി​.ജെ.പി ടിക്കറ്റ് നൽകിയതാണ് നാപയെ പ്രകോപിതനാക്കിയത്.

ഗുസ്തി താരം കൂടിയായ ബി.ജെ.പി നേതാവ് യോഗേശ്വർ ദത്ത് സീറ്റ് കിട്ടാത്തതിലുള്ള അതൃപ്തി സോഷ്യൽ മീഡിയയിലൂടെ പ്രകടമാക്കി. കുരുക്ഷേത്രയിലെ ബി.ജെ.പി എം.പി നവിൻ ജിൻഡാലിന്റെ അമ്മ സാവിത്രി ജിൻഡാൽ ഹിസാറിൽ നിന്ന് വിമത സ്ഥാനാർഥിയാകുമെന്ന് സൂചന നൽകി. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അനുയായികൾ അവരുടെ വസതിയിൽ തടിച്ചുകൂടിയതിന് പിന്നാലെയാണ് അവർ മാധ്യമങ്ങളോട് തന്റെ തീരുമാനം അറിയിച്ചത്. സിറ്റിങ് എംഎൽഎയും ആരോഗ്യമന്ത്രിയുമായ കമൽ ഗുപ്തയെയാണ് ഹിസാർ സീറ്റിൽ സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്.

ഭിവാനി ജില്ലയിലെ തോഷാമിലെ മുതിർന്ന ബി.ജെ.പി നേതാവ് ശശി രഞ്ജൻ പർമർ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പൊട്ടിക്കരഞ്ഞു. ഭിവാനി-മഹേന്ദ്രഗഡ് മുൻ എം.പിയായ ശ്രുതി ചൗധരിയെയാണ് തോഷാമിൽ നിന്ന് പാർട്ടി മത്സരിപ്പിക്കുന്നത്. ദബ്‌വാലി സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുതിർന്ന ബി.ജെ.പി നേതാവ് ആദിത്യ ദേവി ലാലും സ്ഥാനാർഥി ലിസ്റ്റിൽ ഇടം പിടിച്ചില്ല. ഇതോടെ പ്രകോപിതനായ അദ്ദേഹം ഹരിയാന സ്റ്റേറ്റ് അഗ്രികൾച്ചർ മാർക്കറ്റിങ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചു.

തന്റെ മണ്ഡലമായ ഭവാനി ഖേരയിൽ പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിയെ നിന്ന് മാറ്റിയില്ലെങ്കിൽ ബി.ജെ.പി വിടുമെന്ന് മന്ത്രി ബിഷംബർ വാൽമീകി പ്രഖ്യാപിച്ചു. കഴിഞ്ഞ 10 വർഷമായി ഈ മണ്ഡലത്തിൽ എം.എൽ.എയായ മന്ത്രി ബിഷാംബറിന് പകരം കപൂർ വാൽമീകിയെയാണ് ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

ജെ.ജെ.പി വിട്ട് ബി.ജെ.പിയിൽ ചേർന്ന രാം കുമാർ ഗൗത​മിനെ സഫിഡോണിൽ മത്സരിപ്പിക്കാനുള്ള നീക്കവും പാർട്ടിയിൽ പൊട്ടിത്തെറിക്ക് ഇടയായക്കി. ഗൗത​മിനെ മാറ്റിയില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുതിർന്ന പാർട്ടി നേതാവ് ജസ്ബിർ ദേശ്വാൾ പറഞ്ഞു. ഇതുകൂടാതെ നിരവധി ഭാരവാഹികളും ജില്ലാതല നേതാക്കളും പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അർപ്പണബോധമുള്ള പ്രവർത്തകനെന്ന നിലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ താൻ പ്രവർത്തിച്ചെങ്കിലും സംഘടനയ്ക്ക് ദോഷം വരുത്തിയവരെയാണ് സ്ഥാനാർഥിയാക്കിയതെന്ന് ബി.ജെ.പി ഒ.ബി.സി സെൽ മേധാവി കരൺ ദേവ് കാംബോജ് ആരോപിച്ചു.

സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കിസാൻ മോർച്ച സംസ്ഥാന തലവൻ സുഖ്‌വീന്ദർ സിങ് സ്ഥാനം രാജിവെച്ചു. പാർട്ടി അധ്യക്ഷന് അയച്ച കത്തിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വവും സ്ഥാനവും രാജിവച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. വൈശ്യ സമുദായത്തെ പാർട്ടി അവഗണിക്കുകയാണെന്ന് മുൻ മന്ത്രി കവിതാ ജെയിനിനെറ ഭർത്താവും മുതിർന്ന ബിജെപി നേതാവുമായ രാജീവ് ജെയിൻ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ആരോപിച്ചു.

ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിന് ഫലം പ്രഖ്യാപിക്കും. നിരവധി പേർ സ്ഥാനാറഥി മോഹവുമായി രംഗത്തുണ്ടെന്നും എന്നാൽ, ഒരു മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥിക്ക് മാത്രമേ ടിക്കറ്റ് നൽകാൻ കഴിയൂ എന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി പറഞ്ഞു. അതൃപ്തരായ നേതാക്കളെ കാര്യം ബോധ്യപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - BJP’s first list for Haryana polls triggers a string of resignations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.