മുംബൈ: ബി.ജെ.പിക്കെതിരെ വിമർശനവുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ബി.ജെ.പിയുടേത് പിന്തിരിപ്പൻ ഹിന്ദുത്വമാണെന്ന് ഉദ്ധവ് പറഞ്ഞു. ശിവസേനയുടേത് പരിഷ്കരണ ഹിന്ദുത്വമാണെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെക്കതിരെ ബി.ജെ.പി വിമർശനം ശക്തമാക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
ഹിന്ദുത്വ ആശയത്തെ മുൻനിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശിവസേന ഉദ്ധവ് വിഭാഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങൾക്ക് മറുപടി കൂടി നൽകുകയായിരുന്നു പുതിയ പ്രതികരണത്തിലൂടെ ഉദ്ധവ് താക്കറെ. ബി.ജെ.പിയുടെ ഹിന്ദുത്വം പിന്തിരിപ്പനാണ്. എന്നാൽ, പരിഷ്കരണ ഹിന്ദുത്വമാണ് ശിവസേനയുടേത്.
ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ മഹാരാഷ്ട്രയുടെ നഷ്ടപ്രതാപം തിരികെ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. രത്നഗിരി-സിന്ദുദർഗ് ജില്ലയിലെ കാനകവാലിയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. കേന്ദ്രസർക്കാർ മഹാരാഷ്ട്രയെ കൊള്ളയടിക്കുകയാണെന്നും ഉദ്ധവ് ആരോപിച്ചു.
കഴിഞ്ഞ ദിവസം പ്രസംഗത്തിനിടെ സവർക്കറുടെ പേര് പറയാൻ ഉദ്ധവിന് നാണമില്ലേയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ചിരുന്നു. ഉദ്ധവിന്റേത് വ്യാജ ശിവസേനയാണെന്നും യഥാർഥ പാർട്ടി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാൽ താക്കറെയുടെ പാരമ്പര്യം ഉദ്ധവിനല്ല. നാരായൺ റാണെ, ഏക്നാഥ് ഷിൻഡെ, രാജ് താക്കറെ എന്നിവർക്കാണ് ബാൽ താക്കറെയുടെ പാരമ്പര്യമുള്ളതെന്നും അമിത് ഷാ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.