ബി.ജെ.പിയുടെ 'അലക്കിവെളുപ്പിക്കൽ'; വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: കേന്ദ്രസർക്കാർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന പത്ര റിപ്പോർട്ടിനു പിന്നാലെ വമർശനവുമായി പ്രതിപക്ഷ നേതാക്കൾ. 2014ൽ കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ മൂലക്കിരുത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന പ്രവണത മൂർച്ഛിച്ചതായി ഇന്ത്യൻ എക്സ്പ്രസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കോടതി രേഖകളും ഔദ്യോഗിക രേഖകളും അന്വേഷണ ഏജൻസികളുടെ മൊഴികളും പരിശോധിച്ചാൽ 10 വർഷത്തെ യു.പി.എ ഭരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് വിധേയരായത് 60 ശതമാനം പ്രതിപക്ഷ നേതാക്കളാണെങ്കിൽഎട്ടു വർഷത്തെ എൻ.ഡി.എ ഭരണത്തിൽ 95 ശതമാനം സി.ബി.ഐ അന്വേഷണവും പ്രതിപക്ഷനേതാക്കൾക്കെതിരാണെന്നാണ് റിപ്പോർട്ട്.

'അലക്കുയന്ത്രം ഒന്നാംപേജിൽ' പത്രത്തിന്റെ മുൻ പേജിന്റെകട്ടൗട്ട് ഷെയർ ചെയ്തുകൊണ്ട് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രെയ്ൻ ട്വീറ്റ് ചെയ്തു. കള്ളപ്പണ ആരോപണങ്ങളും അഴിമതിയാരോപണങ്ങളും നേരിടുന്ന കറപിടിച്ച രാഷ്ട്രീയ നേതാക്കൾ ബി.ജെ.പിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ കറകളഞ്ഞവരാകുമെന്ന് കഴിഞ്ഞ ദിവസം തൃണമൂൽ മേധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി നേരത്തെ പറഞ്ഞിരുന്നു. അതിനെ സൂചിപ്പിച്ചുകൊണ്ടാണ് 'അലക്കുയന്ത്രം' എന്ന പ്രയോഗം ഡെറിക് നടത്തിയത്.

പത്ര വാർത്തയെ തുടർന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരുന്നു. 1968-ലെ ക്ലാസിക് സിനിമയായ ആംഖെനിലെ ഗാനത്തിലെ വരികൾ തിരുത്തിയാണ് അഖിലേഷ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. 'ഉപദ്രവം മറ്റുള്ളവർക്ക്, ആനുകൂല്യങ്ങൾ സ്വന്തക്കാർക്ക്, തമ്പുരാനേ... പീഡിപ്പിക്കരുത്' അദ്ദേഹം ട്വീറ്റ് ചെയ്തു.

തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളും വാർത്താ റിപ്പോർട്ട് പങ്കിട്ടു. ബി.ജെ.പി ഭരണത്തിന് കീഴിൽ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയുടെ അവസ്ഥ പൊലീസ് സ്റ്റേഷനേക്കാൾ മോശമാണെന്ന് ആർ.ജെ.ഡി പറഞ്ഞു.

ആൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഉവൈസിയും ഇന്ത്യൻ എക്‌സ്‌പ്രസ്സിന്റെ റിപ്പോർട്ട് ട്വീറ്റ് ചെയ്തു. 

Tags:    
News Summary - BJP's 'laundering'; Criticized by opposition parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.