ഹൈദരാബാദ്: ഹൈദരാബാദിലെ പോളിങ് ബൂത്തിൽ മുസ്‌ലിം വോട്ടർമാരുടെ ഐഡന്‍റിറ്റി പരിശോധിച്ച ബി.ജെ.പി സ്ഥാനാർഥി നടപടി വിവാദത്തിൽ. ഹൈദരാബാദ് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥി മാധവി ലതയാണ് നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. പോളിങ് ബൂത്തിലെത്തിയ അവർ മുസ്‌ലിം വോട്ടർമാരുടെ മുഖാവരണം ഉയർത്തി പരിശോധന നടത്തിയതാണ് വിമർശനത്തിന് വഴിവെച്ചത്.
പോളിങ് പുരോഗമിക്കവെ ബൂത്ത് സന്ദർശിക്കുമ്പോഴായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സാന്നിധ്യത്തിലുള്ള ബി.ജെ.പി സ്ഥാനാർഥിയുടെ ചട്ടലംഘനം. കസേരയിൽ ഇരിക്കുന്ന വോട്ടർമാരുടെ തിരിച്ചറിയൽ രേഖ ചോദിച്ച് വാങ്ങുന്നതും മുഖാവരണം മാറ്റാൻ ആവശ്യപ്പെടുന്നതും ഫോട്ടോയും മുഖവും ഒന്നാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നതും വിഡിയോയിൽ കാണാം.
സംഭവം വിമർശനത്തിന് വഴിവെച്ചതോടെ മുഖാവരണമില്ലാതെ വോട്ടർമാരുടെ തിരിച്ചറിയിൽ രേഖ പരിശോധിക്കാൻ സ്ഥാനാർഥിയായ തനിക്ക് അവകാശമുണ്ടെന്ന് മാധവി ലത മാധ്യമങ്ങളോട് പ്രതികരിച്ചു. വളരെ വിനയത്തോടെ വോട്ടർമാരോട് അഭ്യർഥിക്കുകയാണ് ചെയ്തത്. ഈ വിഷയത്തിൽ പ്രശ്നമുണ്ടാക്കുന്നത് ഭയം കൊണ്ടാണെന്നും സ്ഥാനാർഥി വ്യക്തമാക്കി.
പോളിങ് ബൂത്തിൽ എത്തുന്ന വോർട്ടർമാരുടെ ഐഡന്‍റിറ്റിയിൽ പരാതിയുണ്ടെങ്കിൽ സ്ഥാനാർഥിയുടെ ചീഫ് ഏജന്‍റോ ബൂത്ത് ഏജന്‍റോ ആണ് ഇക്കാര്യം പ്രിസൈഡിങ് ഓഫിസർ അടക്കമുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടത്. അവരാണ് തിരിച്ചറിയൽ രേഖ പരിശോധിച്ച് യഥാർഥ വോട്ടറാണെന്ന് സ്ഥിരീകരിക്കേണ്ടത്.
സ്ഥാനാർഥികൾക്ക് ബൂത്തിൽ സന്ദർശനം നടത്താമെങ്കിലും വോട്ടെടുപ്പിൽ ഇടപെടാനോ തടസപ്പെടുത്താനോ വോട്ട് തേടാനോ അധികാരമില്ല. ബൂത്തിലെ പ്രിസൈഡിങ് ഓഫീസർ അടക്കമുള്ളവർക്കുള്ള അധികാരത്തിൽ കൈകടത്തുന്ന പ്രവർത്തനമാണ് ബി.ജെ.പി സ്ഥാനാർഥി ചെയ്തിട്ടുള്ളത്.
ഹൈദരാബാദ് അടക്കം തെലങ്കാനയിലെ 17 ലോക്സഭ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആണ് ഇന്ന് നടക്കുന്നത്. ഹൈദരാബാദ് മണ്ഡലത്തിൽ സിറ്റിങ് എം.പിയും എ.ഐ.എം.ഐ.എം സ്ഥാനാർഥിയുമായ അസദുദ്ദീൻ ഉവൈസിയെയാണ് ബി.ജെ.പിയുടെ മാധവി ലത നേരിടുന്നത്. കോൺഗ്രസിന്‍റെ മുഹമ്മദ് വലിയുല്ല സമീറും ബി.ആർ.എസിന്‍റെ ഗദ്ദാം ശ്രീനിവാസ് യാദവും മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.