ന്യൂഡൽഹി: രാജ്യസഭയിൽ ബി.ജെ.പിക്ക് തിരിച്ചടി. നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് അംഗങ്ങളുടെ കാലാവധി ശനിയാഴ്ച പൂർത്തിയായതോടെ രാജ്യസഭയിൽ ബി.ജെ.പിയുടെ അംഗസംഖ്യ 86ലേക്ക് ചുരുങ്ങി. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എക്ക് 101 അംഗങ്ങൾ മാത്രമാണുള്ളത്. നിലവിൽ 225 ആണ് രാജ്യസഭയിലെ മൊത്തം അംഗസംഖ്യ.
ഭൂരിപക്ഷത്തിന് 113 അംഗങ്ങൾ വേണം. നോമിനേറ്റഡ് അംഗങ്ങളായ രാകേഷ് സിന്‍ഹ, രാം ഷകല്‍, സൊനാല്‍ മാന്‍സിങ്, മഹേഷ് ജേഠ്മലാനി എന്നിവരുടെ കാലാവധിയാണ് പൂര്‍ത്തിയായത്. രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാന്‍ 12 അംഗങ്ങളുടെ കുറവാണ് ഇപ്പോള്‍ എന്‍.ഡി.എക്കുള്ളത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണിക്ക് 87 അംഗങ്ങളുണ്ട്. ഇതില്‍ 26 പേര്‍ കോണ്‍ഗ്രസും 13 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസുമാണ്. ആം ആദ്മി പാര്‍ട്ടി, ഡി.എം.കെ എന്നീ പാര്‍ട്ടികള്‍ക്ക് 10 വീതം അംഗങ്ങളുണ്ട്.
തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസ് ഉള്‍പ്പെടെ ബി.ജെ.പിയുമായോ കോണ്‍ഗ്രസുമായോ സഖ്യത്തിലില്ലാത്ത പാര്‍ട്ടികളുടെ അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെട്ടവരും സ്വതന്ത്രരുമാണ് ബാക്കിയുള്ളവര്‍. എൻ.ഡി.എക്ക് സഭയിൽ കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ബില്ലുകൾ പാസാക്കാൻ മറ്റു പാർട്ടികളുടെ സഹായം തേടണം. തമിഴ്‌നാട്ടിലെ മുന്‍ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ, ആന്ധ്രപ്രദേശിലെ ജഗന്‍ മോഹന്റെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവയെ ഒപ്പം നിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് 11 അംഗങ്ങളും എ.ഐ.എ.ഡി.എം.കെക്ക് നാലു അംഗങ്ങളുമുണ്ട്. ഇരു പാർട്ടികളും കഴിഞ്ഞകാലങ്ങളിൽ ബി.ജെ.പിയെ പിന്തുണച്ചവരാണ്. നവീൻ പട്നായിക്കിന്‍റെ ബി.ജെ.ഡിയാണ് ഇരു സഖ്യത്തിലുമില്ലാത്ത മറ്റൊരു പാർട്ടി. സഭയിൽ പാർട്ടിക്ക് ഒമ്പത് അംഗങ്ങളുണ്ട്. ബി.ജെ.പിയെയാണ് ബി.ജെ.ഡി ഇതുവരെ പിന്തുണച്ചത്. എന്നാൽ, ഓഡീഷയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ ബി.ജെ.ഡി ബി.ജെ.പിയുമായി അകന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.