ബംഗളൂരു: ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ പരാജയപ്പെടുത്താൻ സകല തന്ത്രങ്ങളുമായി ബി.ജെ.പി രംഗത്ത്. ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന ഷെട്ടാറിന്റെ പരാജയമുറപ്പിച്ച് വിമത നീക്കങ്ങൾക്ക് താക്കീത് നൽകുകയാണ് ബി.ജെ.പി ലക്ഷ്യം.
തന്റെ സീറ്റ് നിഷേധിച്ചതിന് പിന്നിൽ ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷാണെന്ന് ആരോപിച്ച ഷെട്ടാർ, അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ബി.ജെ.പിയിൽ ലിംഗായത്ത് നേതാക്കളെ പുറന്തള്ളാൻ ബി.എൽ. സന്തോഷ് നടത്തിയ നീക്കമാണ് സീറ്റ് നിഷേധത്തിന് പിന്നിലെന്നായിരുന്നു പ്രധാന ആരോപണം.
സന്തോഷിനെതിരായ വിമർശനവും ലിംഗായത്ത് അവഗണന ആരോപണവും ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റുപിടിക്കുകയും ചെയ്തതോടെയാണ് ഷെട്ടാറിന്റെ തോൽവി ഉറപ്പിച്ച് മറുപടി നൽകാൻ ബി.ജെ.പി കരുനീക്കിയത്.
ഹുബ്ബള്ളിയിൽനിന്നുള്ള എം.പിയും കേന്ദ്രമന്ത്രിയുമായ പ്രൾഹാദ് ജോഷിയുടെ നേതൃത്വത്തിലാണ് ഓപറേഷൻ അരങ്ങേറുന്നത്. ഷെട്ടാറിനൊപ്പം പോയ പ്രാദേശിക നേതാക്കളെ തിരിച്ചുകൊണ്ടുവരുകയും കോൺഗ്രസ് ചേരിയിൽനിന്ന് വമ്പന്മാരെ അടർത്തുകയും ചെയ്തു തുടങ്ങി. ഹുബ്ബള്ളി-ധാർവാഡ് മുൻ മേയറും കോൺഗ്രസ് നേതാവുമായ പ്രകാശ് ക്യാരകട്ടി ബി.ജെ.പിയിൽ ചേർന്നു. മറ്റു ചില നേതാക്കൾകൂടി കൂടുമാറാനൊരുങ്ങുന്നെന്നാണ് വിവരം.
ഷെട്ടാറിന് ഐക്യദാർഢ്യവുമായി രാജിവെച്ച ഹുബ്ബള്ളി- ധാർവാഡ് സിറ്റി കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാരെയും പ്രൾഹാദ് ജോഷി പാർട്ടിയിലേക്ക് തിരികെയെത്തിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം ഒമ്പത് കേന്ദ്ര നേതാക്കളാണ് ജഗദീഷ് ഷെട്ടാറിന്റെ മണ്ഡലത്തിൽ എത്തിയത്. ലിംഗായത്ത് മഠ പ്രതിനിധികളുമായും പ്രാദേശിക നേതൃത്വവുമായും നേതാക്കൾ തുടർച്ചയായ യോഗങ്ങളും ചേരുന്നുണ്ട്. ഷെട്ടാർ വിജയിക്കില്ലെന്നും ഇക്കാര്യം താൻ ചോരകൊണ്ട് എഴുതിവെക്കാമെന്നും മുതിർന്ന നേതാവ് ബി.എസ്. യെദിയൂരപ്പ പറഞ്ഞിരുന്നു.
തന്നെ തോല്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി ജഗദീഷ് ഷെട്ടാർ വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പല നേതാക്കളും കോൺഗ്രസിലും ജെ.ഡി-എസിലും ചേരുന്നത് സാധാരണമാണെന്ന് സൂചിപ്പിച്ച ഷെട്ടാർ, തന്റെ കാര്യത്തിൽ മാത്രം അതൊരു വലിയ കുറ്റമായാണ് ബി.ജെ.പി കാണുന്നതെന്ന് ചൂണ്ടിക്കാട്ടി. തനിക്കെതിരായ ആസൂത്രിത കരുനീക്കങ്ങളിൽ ഷെട്ടാർ പതറുന്നതായാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമാവുന്നത്.
ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ മുതിർന്ന ലിംഗായത്ത് നേതാവായ ഷെട്ടാറിന്റെ വിജയം ഉറപ്പ് വരുത്തേണ്ടത് കോൺഗ്രസിന്റെ ആവശ്യംകൂടിയാണ്. അല്ലാത്ത പക്ഷം, ലിംഗായത്ത് നേതാക്കൾക്ക് കോൺഗ്രസിൽ രാഷ്ട്രീയ ഭാവിയുണ്ടാവില്ലെന്ന പ്രചാരണം കൂടി ബി.ജെ.പി ഏറ്റെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.