ബംഗളൂരു: ബംഗളൂരു കോർപറേഷൻ (ബി.ബി.എം.പി) പരിധിയിലെ ആശുപത്രികളിൽ കോവിഡ് ബെഡ് അനുവദിക്കുന്നതിൽ അഴിമതി നടത്തിയ സംഭവത്തെ വർഗീയവത്കരിച്ച് ബി.ജെ.പി എം.പി തേജസ്വി സൂര്യ. മുസ്ലിം ജീവനക്കാരെ എന്തിന് നിയമിച്ചുവെന്ന് ചോദിച്ചുകൊണ്ടുള്ള വർഗീയ പരാമർശങ്ങളോടെയുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അഴിമതി വെളിപ്പെടുത്താൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിന് പിന്നാലെ അദ്ദേഹം പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് വർഗീയ പരാമർശങ്ങൾ നടത്തിയത്.
ആശുപത്രിക്കിടക്ക ബുക്ക് ചെയ്യുന്നതിലെ അഴിമതിയുമായി ബന്ധപ്പെട്ട് നാലു പേർ അറസ്റ്റിലായിട്ടുണ്ട്. ബി.ബി.എം.പിയുടെ വിവിധ ഹെൽപ്ലൈനുകളിൽ പ്രവർത്തിക്കുന്ന റിഹാൻ, ശശി, രോഹിത്, നേത്രാവതി എന്നിവരാണ് അറസ്റ്റിലായതെന്ന് ക്രൈം വിഭാഗം ജോയൻറ് കമീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. കോവിഡ് പോസിറ്റിവ് ആയി നിരീക്ഷണത്തിൽ കഴിയുന്ന സുരേഷ് എന്നയാളടക്കം മറ്റു നാലുപേർ കസ്റ്റഡിയിലാണ്. ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ നടത്തിയ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതു സംബന്ധിച്ച് ബംഗളൂരു സൗത്ത്, സൗത്ത് ഇൗസ്റ്റ് മേഖലകളിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ സിറ്റി പൊലീസ് കമീഷണർ കമൽ പന്തിെൻറ നിർദേശ പ്രകാരം സെൻട്രൽ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.
ബി.ബി.എം.പിയുടെ എട്ട് സോണുകളിലെ കോവിഡ് വാർ റൂമുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളുടെ പേരിൽ വിവിധ ആശുപത്രികളിൽ കോവിഡ് ബെഡ് ബുക്ക് ചെയ്യുകയും ഇത് പിന്നീട് പണം നൽകി അത്യാവശ്യക്കാർക്ക് കൈമാറിയതായാണ് കണ്ടെത്തിയത്. ഹെൽപ്ലൈനിലെ പ്രവർത്തകർ, ബി.ബി.എം.പി ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ എന്നിവർ ചേർന്ന് കോവിഡ് ബെഡിെൻറ കൃത്രിമ ക്ഷാമം തീർക്കുകയായിരുന്നെന്നാണ് തേജസ്വി സൂര്യ വെളിെപ്പടുത്തിയത്. ഇത്തരത്തിലുള്ള 12 കേസുകളുടെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു.
അതേസമയം, സംഭവം വർഗീയവത്കരിച്ച് തേജസ്വി സൂര്യ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. അഴിമതി വെളിപ്പെടുത്താൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിന് പിന്നാലെ അദ്ദേഹം പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് വർഗീയ പരാമർശങ്ങൾ നടത്തിയത്. ബി.ബി.എം.പി സൗത്ത് സോണിലെ 16 മുസ്ലിം ജീവനക്കാരുടെ പേര് വിഡിയോയിൽ എടുത്തുപറഞ്ഞ എം.പി, എന്തടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചതെന്ന് ചോദിച്ചു. എം.എൽ.എമാരായ രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചർ, സതീഷ് റെഡ്ഡി എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു. ഇത് മദ്റസയാണോ അതോ കോർപറേഷനാണോ എന്നായിരുന്നു രവി സുബ്രഹ്മണ്യ എം.എൽ.എയുടെ ചോദ്യം. വിഡിയോ കടുത്ത വർഗീയ പരാമർശങ്ങളോടെ വാട്സ്ആപ്പിൽ അതിവേഗം പ്രചരിച്ചു. 'ആയിരക്കണക്കിന് ബംഗളൂരുകാരെ കൊല്ലാൻ ബി.ബി.എം.പി വാർ റൂമിൽ പ്രവർത്തിക്കുന്ന തീവ്രവാദികളുടെ ലിസ്റ്റ്' എന്നായിരുന്നു വിഡിയോക്കൊപ്പം പ്രചരിച്ച ഒരു സന്ദേശം.
തെറ്റായ രീതിയിൽ തെൻറ പേരടക്കം ഉൾപ്പെടുത്തിയ ലിസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ ബി.ബി.എം.പി ജോയൻറ് കമീഷണർ സർഫറാസ് ഖാൻ പൊലീസ് പരാതി നൽകിയിട്ടുണ്ട്. സൈബർ െസല്ലിെൻറ സഹായത്തോടെ പ്രതികളെ പിടികൂടണമെന്ന് അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു. ബി.ജെ.പി എം.പിയുടെ വർഗീയ പ്രചാരണത്തിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിലുയർന്നത്. പ്രസ്തുത വാർ റൂമിൽ വിവിധ ഷിഫ്റ്റുകളിലായി 205ലേറെ പേർ ജോലിചെയ്യുന്നുണ്ടെന്നിരിക്കെ, 16 പേരുടെ ലിസ്റ്റ് മാത്രമാണ് എം.പി പുറത്തുവിട്ടത്.
ചാമരാജ് നഗറിൽ ഒാക്സിജൻ ലഭിക്കാതെ കൂട്ടമരണം നടന്നതടക്കം കർണാടകയിൽ കോവിഡ് പ്രതിേരാധത്തിൽ ബി.ജെ.പി സർക്കാറിെൻറ പരാജയം വിമർശനം ക്ഷണിച്ചുവരുത്തുന്ന പശ്ചാത്തലത്തിലാണ് വർഗീയ അജണ്ടയുമായി യുവമോർച്ച ദേശീയ അധ്യക്ഷൻകൂടിയായ തേജസ്വി സൂര്യ സർക്കാറിെൻറ മുഖംരക്ഷിക്കാൻ എത്തിയതെന്നും ചിലർ ചൂണ്ടിക്കാട്ടി. തേജസ്വി സൂര്യയുടെ വർഗീയ മനോഭാവത്തിനാണ് വാക്സിനേഷൻ നൽകേണ്ടതെന്നായിരുന്നു കോൺഗ്രസിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.