ന്യൂഡൽഹി: ഇന്ത്യ നയിക്കുന്ന രണ്ടു മാന്യന്മാർ ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടു പോയാൽ അവർ പാർലമെൻറ് പൂട്ടിയിടുമെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. സഭാധ്യക്ഷന്മാർക്കാകട്ടെ, നിഷ്പക്ഷതയുമില്ല. ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടലുകൾക്കൊടുവിൽ പാർലമെൻറ് സമ്മേളനം നേരത്തെ അവസാനിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ചിദംബരം. കരുത്തു കൊണ്ട് ബില്ലുകൾ പാസാക്കാൻ സർക്കാർ നടത്തിയ ശ്രമമാണ് രാജ്യസഭയിലെ പ്രശ്നങ്ങൾക്ക് കാരണമാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ചർച്ചവേളയിൽ സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തരമന്ത്രി അമിത്ഷായോ ഉണ്ടാകാറില്ല. രണ്ടംഗ സേനയായ ബി.ജെ.പി സർക്കാറിന് പാർലമെൻറിനോട് ആദരവില്ല.യു.പി.എ ഭരിച്ച കാലത്ത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇരുസഭകളിലും എത്തി പാർലമെൻറിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയുന്ന പതിവുണ്ടായിരുന്നു. എന്നാൽ വർഷകാല സമ്മേളനകാലത്ത് ഒറ്റ ചോദ്യത്തിനും പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ മറുപടി പറഞ്ഞിട്ടില്ല. കുറ്റബോധം കൊണ്ടാണ് പെഗസസ് ചാരവൃത്തി വിഷയത്തിൽ പാർലമെൻറിൽ ചർച്ചക്ക് സർക്കാർ തയാറാകാത്തത്. എന്നാൽ എക്കാലത്തേക്കും ഈ വിഷയം മൂടിവെക്കാൻ കഴിയില്ല.
അസ്ഥിപഞ്ജരങ്ങൾ ഒന്നൊന്നായി അലമാരയിൽ നിന്ന് പുറത്തുചാടും. ഫ്രാൻസിലും ഇസ്രായേലിലും ജർമനിയിലും അതു സംഭവിച്ചു കഴിഞ്ഞു. വിഷയത്തിൽ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് തെൻറ പ്രതീക്ഷയെന്നും ചിദംബരം പറഞ്ഞു. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധി നടത്തിയ പ്രഭാത വിരുന്ന്, കപിൽ സിബലിെൻറ അത്താഴവിരുന്ന് എന്നിവ പ്രതിപക്ഷ ഐക്യത്തിെൻറ തുടക്കത്തിലേക്കുള്ള തുടക്കമാണ്. പ്രതിപക്ഷ പാർട്ടികൾ ക്ഷമയോടെ കൂടുതൽ ചർച്ചകളും യോഗങ്ങളും നടത്തിയാൽ തടസ്സങ്ങൾ നീക്കി പ്രതിപക്ഷ ഐക്യം 2024ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് സാധ്യമാക്കാൻ കഴിയുമെന്ന് ചിദംബരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.