ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നവരുടെ തലവെട്ടുമെന്ന് വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്. ഹൈദരാബാദിലെ ഗോഷ്മഹൽ മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയും ചീഫ് വിപ്പുമായ രാജാ സിങ്ങാണ് പ്രകോപനപരമായ പ്രസ്താവന നടത്തിയത്.
മജ്‌ലിസ് ബച്ചാവോ തഹ്‌രിക് എന്ന മുസ്‌ലിം സംഘടനയുടെ വക്താവ് അംജദുല്ല ഖാൻ നൽകിയ പരാതിയിലാണ് എം.എൽ.എക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐ.പി.സി 295 എ വകുപ്പുപ്രകാരം മതവികാരങ്ങൾക്ക് മുറിവേൽപ്പിച്ചതിനും ബോധപൂർവം മതസ്പർദ്ദ വളർത്തിയതിനുമാണ് കേസ്.
ഹൈദരാബാദിൽ നടന്ന പൊതു റാലിക്കിടെ രാമക്ഷേത്രത്തിന് എതിരുനിൽക്കുന്നവരുടെ തലകൊയ്യുമെന്നും ഇവർക്കെതിരെ ലാത്തിയും ബുള്ളറ്റുകളും ഉപയോഗിക്കാൻ മടിയില്ലെന്നുമാണ് രാജാ സിങ് പറഞ്ഞത്. അയോധ്യയിൽ രാമക്ഷേത്രം പണിതാൽ ഭയാനകമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മജ്‌ലിസ് ഇത്തിഹാദ് ഉൽ മുസ്‌ലിമിൻ നേതാവിന്‍റെ പ്രസ്താവനക്കു മറുപടിയായിരുന്നു രാജാ സിങ്ങിന്‍റെ പ്രസ്താവന.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുക തന്നെ ചെയ്യും. ക്ഷേത്ര നിർമാണം തടയാൻ ചങ്കൂറ്റമുള്ളവർക്കു ആകാം. എതിരുനിൽക്കുന്നവരുടെ തല കൊയ്യുക തന്നെ ചെയ്യുമെന്നും രാജാ സിങ് റാലിയിൽ പറഞ്ഞിരുന്നു.
പശുക്കളെ സംരക്ഷിക്കുന്നതിനായി എന്തുചെയ്യാനും മടിക്കില്ലെന്നും അതിനായി ജീവൻ നൽകാൻ തയാറാണെന്നുമുള്ള രാജാ സിങ്ങിൻെറ പ്രസ്താവനയും വിവാദമായിരുന്നു. ഗോ സംരക്ഷണത്തിന് ഒരു ദാദ്രി കൂടി നടത്താനും ഒരുക്കമാണെന്നും 2015 ൽരാജാ സിങ് ഭീഷണി മുഴക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.