ബംഗളൂരു: കർണാടകയിൽ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 157 ആയി. ഇതോടൊപ്പം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2000 കടന്നു. ജൂൺ ഒമ്പതുവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 2,282 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഇതിലാണ് 157 പേർ മരിച്ചത്. 1,947 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 102 പേർ രോഗമുക്തി നേടി. ചികിത്സ തുടരാൻ ആവശ്യപ്പെട്ടിട്ടും 76 പേർ ആശുപത്രിയിൽനിന്ന് സമ്മതമില്ലാതെ മടങ്ങിയെന്നും സർക്കാർ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
കോവിഡുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട കണക്കുകൾ ഹൈകോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ചത്. ബംഗളൂരു അർബൻ ജില്ലയിൽ മാത്രം 787 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഇതിൽ 55 പേർ മരിക്കുകയും 31 പേർ രോഗമുക്തി നേടുകയും ഒമ്പതുപേർ ചികിത്സ പൂർത്തിയാകാതെ ആശുപത്രി വിടുകയും ചെയ്തു.
ധാർവാഡ്, ബെളഗാവി, കലബുറഗി എന്നീ ജില്ലകളിൽ യഥാക്രമം 202, 138, 137 എന്നിങ്ങനെയാണ് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചവരുടെ എണ്ണം. ബ്ലാക്ക് ഫംഗസ് ചികിത്സക്ക് അടിയന്തരമായി പ്രത്യേക മാർഗനിർദേശം എല്ലാ ആശുപത്രികൾക്കും നൽകണമെന്നും ചികിത്സക്കാവശ്യമായ ആംഫോടെറിസിൻ-ബി മരുന്ന് കേന്ദ്രത്തിൽനിന്ന് ലഭ്യമാക്കണമെന്നും ഹൈകോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.