ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്കിനും തൊപ്പിക്കും വിലക്ക്. നവംബർ 25ന് നോയ്ഡയിൽ നടക്കുന്ന ജേവർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ തറക്കല്ലിടലിനാണ് പങ്കെടുക്കുന്നവർ കറുത്ത മാസ്കോ തൊപ്പിയോ ധരിക്കരുതെന്ന് നിർദേശമുള്ളത്. നവ് ഭാരത് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കറുത്ത വസ്ത്രങ്ങൾ, തൊപ്പികൾ, മാസ്‌കുകൾ എന്നിവ ധരിക്കരുതെന്നാണ് അധികൃതര്‍ പുറത്തിറക്കിയ നിർദേശം. ഡ്രോണുകൾ പറത്തുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി എത്തുന്നതിന്‍റെ മുമ്പോടിയായി 23ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തും. മോദിയുടെ പരിപാടിക്കായി യുദ്ധകാലാടിസ്ഥാനത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും പുറമേ, സംസ്ഥാന വ്യവസായ വികസന മന്ത്രി സതീഷ് മഹാന, അഡീഷനൽ ചീഫ് സെക്രട്ടറി അവ്‌നിഷ് അശ്വതി, ജില്ലാ കലക്ടർ, എം.എൽ.എമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
പരിപാടി നടക്കുന്ന സ്ഥലത്തിന്‍റെ പത്തു കിലോമീറ്റർ ചുറ്റളവിൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിലും ധാബകളിലും താമസിക്കുന്നവരുടെ പേരുവിവരങ്ങൾ പൊലീസ് ശേഖരിച്ചു. സുരക്ഷയും ശക്തിപ്പെടുത്തി. 3000 ഹെക്ടർ സ്ഥലത്താണ് ജേവറിലെ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നത്.
20,000 കോടി രൂപയുടെ നിക്ഷേപം സർക്കാർ പ്രതീക്ഷിക്കുന്നു. പതിനായിരം കോടി രൂപ മുതൽമുടക്കിൽ ആയിരം ഹെക്ടറിലായിരിക്കും ആദ്യഘട്ടം യാഥാർഥ്യമാവുക. 2020 ഓടെ 9.1 കോടി യാത്രക്കാരും 2024-ഓടെ 10.9 കോടി യാത്രക്കാരുമാവുമെന്ന് പ്രതീക്ഷിക്കുന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പുകാരായ ജി.എം.ആർ. ഗ്രൂപ്പിനാണ് ജേവർ വിമാനത്താവളത്തിന്‍റെയും നിർമാണച്ചുമതല. ഇതിന് മുമ്പ് തമിഴ്നാട്ടിലെ ചെന്നൈയിൽ നടത്തിയ പൊതുപരിപാടിയിൽ മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച കർശന മാർഗനിർദേശങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് വിലക്കുകളില്ല എന്ന് പറഞ്ഞാണ് കേന്ദ്ര സർക്കാർ തടിയൂരിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.