ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതിയിൽ (ബി.ആർ.എസ്) നിന്ന് രാജി തുടരുന്നു. ചെവെല്ല സിറ്റിങ് എം.പി ഡോ. രഞ്ജിത്ത് റെഡ്ഡിയും ഖൈറത്താബാദ് എം.എൽ.എ ഡി. നാഗേന്ദറും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിൽ ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.
ഡി. നാഗേന്ദർ ബി.ആർ.എസ് വിടുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നെങ്കിലും രഞ്ജിത്ത് റെഡ്ഡിയുടെ നീക്കം പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. 2019 തെരഞ്ഞെടുപ്പിലാണ് രഞ്ജിത്ത് റെഡ്ഡി ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് കോൺഗ്രസ് നേതാവായിരുന്ന വിശ്വേശ്വർ റെഡ്ഡിയെയായിരുന്നു തോൽപിച്ചത്. വിശ്വേശ്വർ പിന്നീട് ബി.ജെ.പിയിൽ ചേരുകയായിരുന്നു.
ഗ്രേറ്റർ ഹൈദരാബാദ് മേഖലയിൽ വലിയ സ്വാധീനമുള്ള നേതാവാണ് നാഗേന്ദർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു നേതൃത്വം നൽകാൻ പാർട്ടി പ്രതീക്ഷയർപ്പിച്ച നേതാവായിരുന്നു. നേരത്തെ കോൺഗ്രസിൽനിന്നു രാജിവച്ചാണ് നാഗേന്ദർ അന്നത്തെ ടി.ആർ.എസ്സിൽ എത്തിയത്. ഇപ്പോൾ പഴയ തട്ടകത്തിലേക്കു തന്നെ തിരിച്ചുപോയിരിക്കുകയാണ്.
അടുത്തിടെ നിരവധി എം.എൽ.എമാരും എം.പിമാരുമാണ് ബി.ആർ.എസ് വിട്ട് മറ്റ് പാർട്ടികളിൽ ചേക്കേറിയത്. നാല് ബി.ആർ.എസ് നേതാക്കൾ കഴിഞ്ഞയാഴ്ച ബി.ജെ.പിയിൽ ചേർന്നിരുന്നു. മുൻ എം.പിമാരായ ഗോദം നാഗേഷ്, സീതാറാം നായക്, ബി.ആർ.എസ് മുൻ എം.എൽ.എമാരായ സെയ്ദി റെഡ്ഡി, ജലങ്കം വെങ്കട്ട് റാവു എന്നിവരാണ് പാർട്ടി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.