മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഢ് തീരത്ത് വ്യാഴാഴ്ച സംശയ സാഹചര്യത്തിൽ കണ്ട ബോട്ടിൽ മൂന്ന് എ.കെ 47 തോക്കും വെടിയുണ്ടകളും കണ്ടെത്തി. പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയാണ് തോക്കും വെടിയുണ്ടയും കണ്ടെത്തിയത്. ആരെയും പിടികൂടിയിട്ടില്ല. കൂടുതൽ അന്വേഷണം നടത്തുന്നതായി അധികൃതർ പറഞ്ഞു. ബോട്ടിലുണ്ടായിരുന്നവർ കഴിഞ്ഞ ജൂണിൽ ഒമാൻ തീരത്ത് നിന്ന് രക്ഷപ്പെട്ടതായും മുംബൈ തീരത്ത് ഒഴുകിയെത്തിയതാണെന്നുമാണ് പൊലീസിന്റെ നിഗമനം.
പ്രാഥമിക അന്വേഷണത്തിൽ തീവ്രവാദ സാധ്യത കാണുന്നില്ലെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ജൂൺ 26ന് ഒമാൻ തീരത്തുനിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട ബോട്ടിന്റെ ഉടമ ആസ്ട്രേലിയൻ വനിതയാണ്. യു.കെ രജിസ്ട്രേഡ് ബോട്ട് അസ്ഥിര കാലാവസ്ഥയും എൻജിൻ തകരാറും കാരണം ഉപേക്ഷിച്ചതാണ്. ഈ സമയത്ത് ആയുധം ഉണ്ടായിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം, എങ്ങനെ ആയുധം വന്നുവെന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ. മുംബൈയിൽനിന്ന് 190 കിലോമീറ്റർ അകലെയാണ് നാട്ടുകാർ ബോട്ട് കണ്ടത്.
ബോട്ട് കണ്ടെത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് തീവ്രവാദവിരുദ്ധസേനയും വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ തീവ്രവാദ ശക്തികളുണ്ടായെന്നാവും പരിശോധിക്കുകയെന്ന് എ.ടി.എസ് മേധാവി വിനീത് അഗർവാൾ അറിയിച്ചു. ഇത് ഒരു ഉപേക്ഷിക്കപ്പെട്ട ബോട്ടാണ് എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.