ന്യൂഡൽഹി: 27 വർഷം പഴക്കമുള്ള ബോഫോഴ്സ് തോക്കിടപാട് അഴിമതി സംബന്ധിച്ച പാർലമെൻററി സമിതി റിപ്പോർട്ട് ബജറ്റ് സമ്മേളനത്തിൽ ചർച്ചക്കു വന്നേക്കും. തോക്ക് ഇടപാട് സംബന്ധിച്ച കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിെൻറ 1989-90ലെ നിരീക്ഷണം പരിശോധിച്ചാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു കീഴിലെ ആറംഗ ഉപസമിതി റിപ്പോർട്ട് തയാറാക്കിയത്. ബിജു ജനതാദൾ നേതാവ് ഭർതൃഹരി മഹ്താബാണ് ഉപസമിതി തലവൻ. ഏറെക്കാലം പരിഗണനയിലിരുന്നെങ്കിലും അന്വേഷണം പൂർത്തിയാക്കാനായത് ഇപ്പോഴാണ്. ബന്ധപ്പെട്ട മന്ത്രാലയങ്ങളും സ്ഥാപനങ്ങളും ആവശ്യമായ രേഖകൾ യഥാസമയം സമർപ്പിക്കാത്തതാണ് വൈകാൻ കാരണം. റിപ്പോർട്ട് സമഗ്രവും തെറ്റിദ്ധാരണകൾ ദൂരീകരിക്കുന്നതുമാണെന്ന് ഉപസമിതി അംഗം പറഞ്ഞു.
ഉപസമിതി പൂർത്തീകരിച്ച റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അംഗീകാരം നേടേണ്ടതുണ്ട്. മല്ലികാർജുൻ ഖാർഗെ തലവനായ ഇൗ കമ്മിറ്റിയിലെ കോൺഗ്രസ് അംഗങ്ങൾ ചില ഭാഗങ്ങളോട് വിയോജിക്കാൻ സാധ്യതയുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച ബോഫോഴ്സ് ഇടപാട് ആരോപണം 1989ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രാജിക്കുവരെ കാരണമായി. അന്വേഷണവും വിചാരണയും പൂർത്തിയാക്കി ഡൽഹി ഹൈകോടതി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ 2005ൽ റദ്ദാക്കിയിരുന്നു.
എന്നാൽ, ഹൈകോടതി വിധിക്കെതിരെ കഴിഞ്ഞദിവസം സി.ബി.െഎ സുപ്രീംകോടതിയിൽ ഹരജി നൽകിയതോടെ വിഷയം വീണ്ടും സജീവമാവുകയാണ്. വിധിക്കെതിരെ 12 വർഷത്തിനുശേഷം ഉയർന്ന കോടതിയിൽ പരാതി നൽകുന്നത് ഉചിതമല്ലെന്നായിരുന്നു അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിെൻറ ഉപദേശം. ഇത് മറികടന്നായിരുന്നു സി.ബി.െഎ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.