ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിലെ നിരവധി ഷോപ്പിങ് മാളുകളിൽ ബോംബ് ഭീഷണി. ചാണക്യ മാൾ, സെലക് സിറ്റി വാക്, ആംബിയൻസ് മാൾ, ഡി.എൽ.എഫ്, സിനിപൊളിസ്, പസിഫിക് മാൾ, പ്രൈമസ് ഹോസ്പിറ്റൽ, യുനിറ്റി ഗ്രൂപ്പ് എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി മെയ്‍ൽ വഴി ലഭിച്ചതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ഉച്ചയോടെ ഭീഷണി സന്ദേശത്തിൽ ഏതാനും മണിക്കൂറിനുള്ളിൽ സ്ഫോടനം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. ഭീഷണി സന്ദേശം ലഭിച്ച വിവരം മാൾ അധികൃതർ ഡൽഹി പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഡൽഹി പൊലീസും ബോംബ് ഡിസ്പോസൽ സ്ക്വാഡും അഗ്നിശമനസേനാ യൂനിറ്റുകളും മാളുകളിലെത്തി പരിശോധന നടത്തിയെങ്കിലും സംശയിക്കത്ത തരത്തിൽ ഒന്നും കണ്ടെത്താനായില്ല.
മാളുകൾ കൂടാതെ നിരവധി സ്ഥലങ്ങളിലും സമാനരീതിയിലുള്ള ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും ഡൽഹി പൊലീസ് അറിയിച്ചു.
ആഗസ്റ്റ് 17ന് ഗുരുഗ്രാമിലെ ആംബിയൻസ് മാളിൽ ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ലെന്ന് ഗുരുഗ്രാം പൊലീസ് അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ ബോംബ് ഭീഷണി സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയോ മെയ്‍ലുകൾ വഴിയോ അയക്കുന്നത് ക്രമസമാധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ആഗസ്റ്റ് 2ന് ഡൽഹിയിലെ ഗ്രേറ്റർ കൈലാശ് ഏരിയയിലെ സ്കൂളിൽ ബോംബ് സ്ഫോടനം നടക്കുമെന്ന ഭീഷണി സന്ദേശം ഇമെയ്‍ൽ വഴി ലഭിച്ചിരുന്നു. സ്കൂളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. എന്നാൽ, പരിശോധനയിൽ സ്കൂളിൽ നിന്ന് ബോംബ് കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.