മുംബൈ: ഭീമ-കൊറേഗാവ് കേസിൽ അറസ്റ്റിലായ ക്രിസ്ത്യൻ പുരോഹിതൻ ഫാ. സ്റ്റാൻ സ്വാമിയുടെ ചികിത്സ ജൂലൈ ആറുവരെ ബോംെബ ഹൈകോടതി നീട്ടി. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് 84കാരനായ അദ്ദേഹം.
പാർക്കിൻസൺസ് ഉൾപ്പെടെയുള്ള രോഗങ്ങളും വാർധക്യസഹജമായ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന സ്വാമിയെ കോടതി ഉത്തരവ് പ്രകാരം മേയ് 28 നാണ് തലോജ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ കഴിഞ്ഞ മാസം കോവിഡ് ബാധിക്കുകയും ചെയ്തു.
ജൂലൈ അഞ്ചുവരെയായിരുന്നു ചികിത്സ അനുവദിച്ചത്. എന്നാൽ, ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ സമയക്കുറവ് കാരണം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. ഈ സാഹചര്യത്തിലാണ് ജൂലൈ ആറുവെര ആശുപത്രിയിൽ തുടരാൻ ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, എൻ.ജെ. ജമാദാർ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നൽകിയത്.
2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവില്‍ ദലിത് സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന എല്‍ഗാര്‍ പരിഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോവാദികളാണെന്നാരോപിച്ചാണ് ഫാ. സ്റ്റാൻ സ്വാമി, സുധീര്‍ ധാവ്‌ല, ഷോമ സെന്‍, റോണ വില്‍സണ്‍, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വരവര റാവു, പ്രഫ. സായിബാബ, ഫാ.സ്റ്റാൻ സാമി, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്‌ലിങ് അടക്കമുള്ള സാമൂഹിക പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.