മുംബൈ: വൈകി ഉറക്കമുണരുകയും സ്വാദിഷ്ടമായ ഭക്ഷണം പാകംചെയ്ത് നൽകാതിരിക്കുകയും ചെയ്യുന്ന ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ബോംബെ ഹൈകോടതി തള്ളി. മുംബൈ സാന്താക്രൂസ് സ്വദേശി നൽകിയ ഹരജിയിലെ ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ജസ്റ്റിസുമാരായ ടാറ്റെഡ്, സാരംഗ് കോട്വാൾ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നേരത്തേ കുടുംബ കോടതി തള്ളിയതിനെതുടർന്നാണ് യുവാവ് ഹൈകോടതിയെ സമീപിച്ചത്. ആരോപണങ്ങൾ ക്രൂരമായ പെരുമാറ്റത്തിെൻറ പരിധിയിൽ വരില്ലെന്ന കുടുംബകോടതിയുടെ നിരീക്ഷണം ഹൈകോടതി ശരിവെച്ചു.
ഉദ്യോഗസ്ഥയായ ഭാര്യ വൈകീട്ട് ആറിന് വീട്ടിൽ മടങ്ങിയെത്തുമെങ്കിലും ഉടൻ ഉറക്കമാകുമെന്നും രാത്രി 8.30ഒാടെ മാത്രമേ ഭക്ഷണം പാകംചെയ്യൂവെന്നും പരാതിക്കാരൻ ഹരജിയിൽ ആരോപിച്ചു. രാത്രി വൈകി വീട്ടിലെത്തുന്ന തനിക്ക് ഒരു ഗ്ലാസ് വെള്ളം നൽകാൻ പോലും ഭാര്യ കൂട്ടാക്കാറില്ല. പുലർച്ച ഉണർത്താൻ ശ്രമിക്കുന്ന തന്നെയും മാതാപിതാക്കളെയും ഭാര്യ അധിക്ഷേപിക്കുന്നതായും ആരോപിച്ചു. ഇതിനൊക്കെ തെളിവായി ഹരജിക്കാരൻ തെൻറ പിതാവിെൻറ സത്യവാങ്മൂലം ഹാജരാക്കി.
എന്നാൽ ഇൗ ആരോപണങ്ങളൊക്കെ നിഷേധിച്ച ഭാര്യ, താൻ ജോലിക്കായി വീട്ടിൽനിന്ന് ഇറങ്ങുംമുമ്പ് കുടുംബത്തിലുള്ള എല്ലാവർക്കും ഭക്ഷണം പാകംചെയ്ത് നൽകാറുണ്ടെന്ന് ബോധിപ്പിച്ചു. ഇത് തെളിയിക്കുന്നതിന് പരാതിക്കാരെൻറ ബന്ധുക്കളുടെയും അയൽക്കാരുടെയും സത്യവാങ്മൂലം യുവതി ഹാജരാക്കി. കൂടാതെ ഭർത്താവും അദ്ദേഹത്തിെൻറ മാതാപിതാക്കളും തന്നോട് മോശമായാണ് പെരുമാറുന്നതെന്നും അവർ ആരോപിച്ചു. ഇതേതുടർന്നാണ് പരാതിക്കാരെൻറ ആരോപണങ്ങൾ വിശ്വാസയോഗ്യമല്ലെന്നും അവയൊന്നും വിവാഹമോചനം ആവശ്യപ്പെടാൻ പര്യാപ്തമല്ലെന്നും കണ്ട് കോടതി ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.