മുംബൈ: 2011നും 2013നും ഇടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 50കാരന്റെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് ബോംബെ ഹൈകോടതി.
2014 മാർച്ച് 29 ന് വസായിലെ സെഷൻസ് കോടതിയാണ് പ്രതിയായ മാമ എന്നയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് കാണിച്ച് ശിക്ഷാവിധി ചോദ്യം ചെയ്ത് ഇയാൾ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ഹൈകോടതി.
എട്ടിനും 13നും ഇടക്ക് പ്രായമുള്ള അഞ്ച് പെൺകുട്ടികളെയാണ് രണ്ട് വർഷത്തിനിടെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊഴികൾ മാത്രമല്ല, മെഡിക്കൽ തെളിവുകളും കുറ്റം സ്ഥിരീകരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരകളായ നാല് പേർക്ക് ഒരു ലക്ഷം രൂപ വീതവും രക്ഷപ്പെട്ട അഞ്ചാമത്തെയാൾക്ക് 10,000 രൂപയും നഷ്ടപരിഹാരം നൽകാനും സെഷൻസ് ജഡ്ജി നിർദേശിച്ചിരുന്നു.
സംഭവം ആരോടും പറയരുതെന്ന് ഇയാൾ പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയതായി പ്രോസിക്യൂഷൻ പറയുന്നു. എന്നാൽ നാലാം ക്ലാസിൽ പഠിക്കുന്ന ഒരു ആൺകുട്ടി ഇയാൾ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജസ്റ്റിസുമാരായ രേവതി മൊഹിതേ-ഡെരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ബെഞ്ച് പ്രതിയുടെ വാദം തള്ളുകയും ശിക്ഷ ശരിവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.