ബംഗളൂരു: കർണാടകയുമായുള്ള അതിർത്തി തർക്കം മുറുകുന്നതിനിടെ ബെൽഗാമിലെ മധ്യവർത്തി മഹാരാഷ്ട്ര ഏകീകരൺ സമിതിയുമായി ചർച്ചക്ക് മന്ത്രിമാരെ നിയോഗിച്ച് മഹാരാഷ്ട്ര സർക്കാർ. മുതിർന്ന ബിജെപി നേതാവും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീൽ, ശിവസേന വിമതപക്ഷനേതാവും എക്സൈസ് മന്ത്രിയുമായ ശംഭുരാജ് ദേശായി എന്നിവരെയാണ് നിയോഗിച്ചത്.
ഇവർ ശനിയാഴ്ച ബെൽഗാമിൽ ചെന്ന് മധ്യവർത്തി മഹാരാഷ്ട്ര ഏകീകരൻ സമിതിയുമായി ചർച്ച നടത്തും. സമിതി കത്തിലൂടെ ആവശ്യപ്പെട്ടത് പ്രകാരമാണ് തങ്ങൾ ചർച്ചക്ക് പോകുന്നതെന്ന് ചന്ദ്രകാന്ത് പാട്ടീൽ ട്വീറ്റ് ചെയ്തു.
സാൻഗ്ലി ജില്ലയിലെ 40 ഓളം ഗ്രാമങ്ങളും സോലാപുർ, അക്കൽകോട്ട് നഗരങ്ങളും കർണാടകയുടെ ഭാഗമാണെന്ന കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അവകാശവാദത്തോടെയാണ് മഹാരാഷ്ട്രയുടെ ഈ നീക്കം.
1960ൽ മഹാരാഷ്ട്ര സംസ്ഥാനം നിലവിൽവന്നത് മുതൽ തുടങ്ങിയതാണ് കർണാടകയുമായുള്ള അതിർത്തി തർക്കം.
കർണാടകയിലെ മറാത്തി സംസാരിക്കുന്ന ബെൽഗാമും മറ്റ് 80 ഗ്രാമങ്ങളും സംസ്ഥാനത്തിന്റെ ഭാഗമാക്കണമെന്നാണ് മഹാരാഷ്ട്രയുടെ വാദം.
അതിർത്തി തർക്കം സുപ്രീംകോടതിയുടെ പരിഗണനയിൽ ആയിരിക്കെ കർണാടക മുഖ്യമന്ത്രി മഹാരാഷ്ട്ര ഗ്രാമങ്ങളിൽ അവകാശവാദം ഉന്നയിച്ചതിന് എതിരെ മഹാരാഷ്ട്രയിലെ ഭരണ, പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഒരു ഗ്രാമം പോലും കർണാടകയിലേക്ക് പോകില്ലെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.