ന്യൂഡൽഹി: ഹുർറിയത്ത് കോൺഫറൻസിലെ രണ്ട് വിഭാഗങ്ങളെയും യു.എ.പി.എ നിയമം ചുമത്തി നിരോധിച്ചേക്കുമെന്ന് സൂചന. പാകിസ്താൻ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് സീറ്റുകൾ കശ്മീരിലെ വിദ്യാർഥികൾക്ക് വിറ്റ് ലഭിക്കുന്ന പണം തീവ്രവാദ സംഘടനകൾക്ക് കൈമാറിയതിെൻറ പേരിലാണ് ഹുർറിയത്തിനെതിരെ യു.എ.പി.എ ചുമത്തി നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
പാകിസ്താനിൽ എം.ബി.ബി.എസിന് 10 മുതൽ 12 ലക്ഷം രൂപയാണ് മെഡിക്കൽ ഫീസ്. ഹുർറിയത്ത് കോൺഫറൻസ് നേതാക്കൾ സ്വാധീനം ചെലുത്തിയാണ് ഫീസ് ഇത്രയും കുറക്കുന്നതെന്നും ഇതിലൂടെ ലഭിക്കുന്ന തുക ഭീകരവാദത്തിന് ഉപയോഗിക്കുകയാണെന്നും അധികൃതർ പറയുന്നു. 2005ലാണ് മിർവായിസ് ഉമർ ഫാറൂഖിെൻറയും സയ്യിദ് അലി ഷാ ഗീലാനിയുടെയും നേതൃത്വത്തിൽ ഹുർറിയത്തിൽ രണ്ടു സംഘങ്ങൾ രൂപപ്പെടുന്നത്.
ജമ്മു-കശ്മീരിലെ വിഘടനവാദ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ഹവാല ഉൾപ്പെടെയുള്ള നിയമവിരുദ്ധ മാർഗങ്ങളിലൂടെ രാജ്യത്തും വിദേശത്തുനിന്നും ഹുർറിയത്ത് കാഡർമാർ ഫണ്ട് ശേഖരിച്ചു. ഈ ഫണ്ട് താഴ്വരയിൽ സുരക്ഷ സേനക്ക് നേരെ കല്ലെറിയാനും സ്കൂളുകൾക്ക് തീയിടാനും പൊതുമുതൽ നശിപ്പിക്കാനും ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാനും ഉപയോഗിച്ചുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.