ഭുവനേശ്വർ: ലോക്സഭ/നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ സുരക്ഷ ശക്തമാക്കി ഒഡിഷയിലെ രാഷ്ട്രീയ നേതാക്കളും സ്ഥാനാർഥികളും. സുരക്ഷയുടെ ഭാഗമായി ഝാർസുഗുദ ബി.ജെ.ഡി എം.എൽ.എ സ്ഥാനാർഥിയും കൊല്ലപ്പെട്ട മന്ത്രി നബ ദാസിന്റെ മകളുമായ ദീപാലി ദാസ് ഇതിനകം തന്നെ അംഗരക്ഷകരുടെ സേവനം ഉറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് പ്രചാരണത്തിന് പോകുമ്പോൾ ആറ് ഗൺമാൻമാരടങ്ങുന്ന സംഘം അവർ ഉറപ്പുവരുത്തിയിട്ടുണ്ട്. അതുപോലെ ദീപാലിയുടെ സഹോദരൻ വിശാൽ ദാസിന്റെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നബാ ദാസ് കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുരക്ഷക്കായി അംഗരക്ഷകരെ നിയോഗിച്ചിട്ടുണ്ട്.
സമാന രീതിയിൽ റൂർക്കേലയിലെ ബി.ജെ.പി എം.എൽ.എ സ്ഥാനാർഥിയായ ദിലീപ് റായ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ അംഗരക്ഷകരെ നിയമിച്ചിട്ടുണ്ട്.
സുന്ദർഗഢ് ജില്ലയിലെ രഘുനാഥ്പാലി ബി.ജെ.ഡി എം.എൽ.എ സ്ഥാനാർഥിയും ബി.ജെ.ഡി നേതാവുമായ സുബ്രത് തരായിയുടെ ഭാര്യ അർച്ചന രേഖ ബെഹ്‌റയുടെ സുരക്ഷക്കായി രണ്ട് അംഗരക്ഷകരെ നിയോഗിച്ചിരുന്നു. ബി.ജെ.ഡിയുടെ ലോക്സഭ സ്ഥാനാർഥി സംതൃപ്ത് മിശ്രയും ഒരുപറ്റം അംഗരക്ഷകരുടെ അകമ്പടിയോടെയാണ് പ്രചാരണത്തിന് എത്തുന്നത്. ബി.ജെ.പിയുടെ ഭട്‌ലി സ്ഥാനാർഥി ഇറാസിസ് ആചാര്യ തുടക്കം മുതൽ രണ്ട് അംഗരക്ഷകർക്കൊപ്പമാണ് പ്രചാരണത്തിന് എത്തുന്നത്.
ഒരു ദിവസം 2000 മുതൽ 3000 രൂപയാണ് സേവനത്തിന് പ്രതിഫലമായി ലഭിക്കുന്നതെന്ന് അംഗരക്ഷകരിൽ ഒരാളായ പ്രമോദ് മാർത്ത പറയുന്നു. പ്രതിമാസം ശരാശരി ഭക്ഷണത്തിനും താമസത്തിനും പുറമെ 22,000 മുതൽ 25,000 രൂപ വരെ ഇവർക്ക് പ്രതിഫലമായി ലഭിക്കും. റാലികളിലും വീടുതോറുമുള്ള പ്രചാരണത്തിലും രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ നൽകുക എന്നതാണ് ഇവരുടെ കർത്തവ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.