ലഖ്നോ: ഉത്തർപ്രദേശിലെ നോയ്ഡയിലുള്ള പ്രദീപ് മെഹ്റ എന്ന 19കാരൻ അർധരാത്രി വീട്ടിലേക്കെത്താൻ ഓടുന്നത് 10 കിലോമീറ്റർ. പട്ടാളത്തിൽ ചേരണമെന്ന സ്വപ്നമാണ് പ്രദീപിന്‍റെ ദിവസേനയുള്ള ഓട്ടത്തിന് പിന്നിൽ. ജോലി കാരണം പകൽ സമയങ്ങളിൽ പരിശീലത്തിന് ഒഴിവ് കിട്ടാത്തതിനാൽ അർധരാത്രി വീട്ടിലേക്കുള്ള യാത്രയിൽ ഓട്ടം പതിവാക്കാമെന്ന് പ്രദീപ് തീരുമാനിക്കുകയായിരുന്നു. ചലചിത്ര സംവിധായകൻ വിനോദ് കാപ്രി പങ്കുവെച്ച വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടുക്കഴിഞ്ഞത്.
നോയ്ഡയിലെ ഒഴിഞ്ഞ റോഡിലൂടെ രാത്രി വാഹനമോടിച്ചു പോകുമ്പോൾ വിനോദ് കാപ്രി യാദൃശ്ചികമായി പ്രദീപിനെ കണ്ടുമുട്ടുകയായിരുന്നു. അർധരാത്രി റോഡിലൂടെ യുവാവ് തനിച്ചോടുന്നത് ശ്രദ്ധയിൽപ്പെട്ട കാപ്രി അദ്ദേഹത്തിന് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. എന്നാൽ വിയർത്ത് കുളിച്ചിട്ടും പ്രദീപ് വിനയപൂർവ്വം അത് നിരസിച്ചത് കാപ്രിയിൽ വളരെയധികം കൗതുകമുണർത്തി. പ്രദീപിനെ കുറിച്ച് കൂടുതൽ അറിയാൻ കാപ്രി താൽപര്യം പ്രകടിപ്പിച്ചു. തുടർന്ന് പ്രദീപ് തന്‍റെ ഓട്ടത്തിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തുകയായിരുന്നു.
താൻ മക്‌ഡൊണാൾഡ്‌സ് സെക്ടർ 16 ലാണ് ജോലി ചെയ്യുന്നതെന്നും അസുഖ ബാധിതയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാവും ഇളയ സഹോദരനുമാണ് തനിക്കുള്ളതെന്നും പ്രദീപ് പറഞ്ഞു. ജോലിക്ക് പോകുന്നതിന് മുമ്പ് ഭക്ഷണം പാകം ചെയ്യാൻ എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കേണ്ടതിനാൽ പരിശീലനത്തിന് സമയം കിട്ടാറില്ലെന്നും അതുകൊണ്ടാണ് ബറോലയിലെ വീട്ടിലേക്ക് ദിവസവും 10 കിലോമീറ്റർ ഓടുന്നതെന്നും പ്രദീപ് വെളിപ്പെടുത്തി.
പ്രദീപിന്‍റെ നിശ്ചയദാർഢ്യത്തെയും കഠിനാധ്വാനത്തെയും പ്രശംസിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചത്. പ്രദീപിന്റെ കഥ പുറത്തുകൊണ്ടുവന്നതിന് വിനോദ് കാപ്രിക്കും ആളുകൾ അഭിനന്ദനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.