ബ്രഹ്മപുരം തീപിടിത്തം പാർലമെന്‍റിലും; ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ്

ന്യൂഡൽഹി: രണ്ടാഴ്ചയോളമായി തുടരുന്ന ബ്രഹ്മപുരം തീപിടിത്തവും വിഷപ്പുകയും പാർലമെന്‍റിലും ചർച്ചയാകുന്നു. വിഷയത്തിൽ ഹൈബി ഈഡനും ബെന്നി ബഹനാനും ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. രാജ്യസഭയിൽ കെ.സി വേണുഗോപാലാണ് നോട്ടീസ് നൽകിയത്.

ശുദ്ധവായു പൗരന്റെ അവകാശമാണ് എന്ന കോടതിയുടെ പരാമർശത്തെ ആവർത്തിച്ച ഹൈബി ഈഡൻ, ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ പഠിക്കാൻ എയിംസിൽ നിന്നും വിദഗ്ധസമിതിയെ അയക്കണം എന്ന് ആവശ്യപ്പെട്ടു. തീപിടിത്തത്തിന് പിന്നിൽ കുറ്റക്കാരുണ്ടെങ്കിൽ കണ്ടെത്തി ഉടൻ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നൂതനമായ മാലിന്യ സംസ്കരണ പ്ലാന്റ്‌ ആരംഭിക്കാൻ കേന്ദ്രസർക്കാർ ധനസഹായം നൽകണമെന്നും അടിയന്തിര പ്രമേയ നോട്ടീസിൽ അദ്ദേഹം ലോക്സഭയോട് അഭ്യർത്ഥിച്ചു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നടന്ന തീപിടുത്തം ഒരു ജനതയെ ആഴ്ചകളായി ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണെന്ന് ബെന്നി ബഹനാൻ എം.പി പറഞ്ഞു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് പരിസരവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രസർക്കാറിന്റെ കൂടുതൽ ഫോഴ്സും സഹായങ്ങളും ബ്രഹ്മപുരത്തിലേക്ക് ആവശ്യമാണെന്നും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പരിഹാരം കാണുന്നതിന് സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നും ബെന്നി ബഹനാൻ ലോക്സഭയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - brahmapuram fire issue in parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.