മുംബൈ: ജാതീയ വിവേചനം പ്രകടിപ്പിച്ച് തൊഴിൽ പരസ്യം നൽകിയ റിയൽ എസ്റ്റേറ്റ് കമ്പനിക്കെതിരെ മഹാരാഷ്ട്ര സർക്കാർ. 'ബ്രാഹ്മണർക്ക് മുന്‍ഗണന' എന്ന വാചകത്തോടെ പരസ്യം നൽകിയ ആരാധന ബിൽഡേഴ്‌സ് എന്ന കമ്പനിയോട് മഹാരാഷ്ട്ര ഭവന നിർമാണ മന്ത്രി ജിതേന്ദ്ര ഔഹാദ് വിശദീകരണം ആവശ്യപ്പെട്ടു.
കമ്പനിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ് തസ്തികയിലേക്കുള്ള പരസ്യത്തിന്റെ വിവാദ പോസ്റ്ററും മന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു. 'ഇത് ജാതി വേർതിരിവല്ലേ അടയാളപ്പെടുത്തുന്നത്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. ജാതീയ വിവേചനങ്ങളെ പോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശനമായ നടപടികളുണ്ടാകണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു.
2019ൽ ചെന്നൈ ആസ്ഥാനമായുള്ള ഇന്റീരിയർ വർക്ക് കമ്പനിയും സമാനമായ രീതിയിൽ ജാതി വിവേചനം പ്രകടമാക്കുന്ന പരസ്യം നൽകി വിവാദം സൃഷ്ടിച്ചിരുന്നു. ജനറൽ മാനേജർ തസ്തികയിലേക്ക് ബ്രാഹ്മണരെ മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് വ്യക്തമാക്കിയാണ് കമ്പനി പരസ്യം നൽകിയിരുന്നത്. ഇത് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ, ബ്രാഹ്മണരെ മാത്രം എന്നത് കൊണ്ട് സസ്യാഹാരികളെ മാത്രമേ പരിഗണിക്കൂവെന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.