ബംഗളൂരു: രണ്ടര മാസം മുമ്പ് അധികാരമേറ്റ കർണാടകയിലെ കോൺഗ്രസ് സർക്കാറിലെ മന്ത്രിക്കെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്താൻ ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ട് ശിപാർശ ചെയ്തു. കൃഷി മന്ത്രി എൻ. ചെലുവരായ സ്വാമിക്കെതിരെയാണ് അഴിമതി ആരോപണം ഉയർന്നിരുന്നത്.മന്ത്രിക്കെതിരെ അന്വേഷണം നടത്തണമെന്ന് ഗവർണർ ചീഫ് സെക്രട്ടറി വന്ദിത ശർമയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കൃഷി വകുപ്പിലെ സ്ഥലംമാറ്റത്തിനായി ഉദ്യോഗസ്ഥരോട് കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. അതേസമയം, തനിക്കെതിരായ അഴിമതി ആരോപണ കത്ത് വ്യാജമാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഗവർണർ ആഗസ്റ്റ് ഒന്നിനാണ് അന്വേഷണം ആവശ്യപ്പെട്ടത്. പേരുവെക്കാത്ത കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ മന്ത്രിക്കെതിരെ പരാതിക്കത്ത് അയച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
മാണ്ഡ്യ ജില്ലയിലെ കൃഷി വകുപ്പിലെ മാണ്ഡ്യ, മാലവള്ളി, കെ.ആർ പേട്ട്, പാണ്ടവപുര, നാഗമംഗല, ശ്രീരംഗപട്ടണ, മദ്ദൂർ താലൂക്കുകളിലെ ഏഴ് അസി. ഡയറക്ടർമാരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. വകുപ്പിലെ ജോ. ഡയറക്ടർമാർ മുഖേന ഉദ്യോഗസ്ഥരോട് സ്ഥലംമാറ്റ കാര്യങ്ങൾക്കായി ആറുമുതൽ എട്ട് ലക്ഷം രൂപ വരെ മന്ത്രി ആവശ്യപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.
അന്വേഷണം നടത്തിയില്ലെങ്കിൽ വിഷം കഴിച്ചു മരിക്കേണ്ട അവസ്ഥയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. പരാതിക്കത്തിൽ പേര് ഇല്ലാത്തതിനാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് മാണ്ഡ്യ എസ്.പിയോടും കൃഷി വകുപ്പ് ജോ. ഡയറക്ടറോടും മന്ത്രി ആവശ്യപ്പട്ടിട്ടുണ്ട്. താനോ തന്റെ ഓഫിസോ ഇത്തരത്തിൽ പണം ഒരു ഉദ്യോഗസ്ഥനിൽനിന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോടുതന്നെ ആവശ്യപ്പെട്ടത് ഇതിന്റ അടിസ്ഥാനത്തിലാണെന്നും പ്രഥദദൃഷ്ട്യാ കത്ത് വ്യാജമാണെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.