ബി.ജെ.പിയോ ശിവസേനയോ; ഫലം ഇന്നറിയാം

മുംബൈ: മുംബൈ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങള്‍. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ വ്യാഴാഴ്ചയാണ്. ശിവസേനക്കിത് നിലനില്‍പിന്‍െറ ജനവിധിയെങ്കില്‍ ബി.ജെ.പിക്ക് അഭിമാന പോരാട്ടമാണ്. ശിവസേന-ബി.ജെ.പി പോരിനു മുമ്പില്‍ കോണ്‍ഗ്രസ് ചിത്രത്തില്‍നിന്ന് പുറത്തായ അവസ്ഥയിലും. ശിവസേനക്ക് മേല്‍കൈ നേടാനായാല്‍ വലിയ രാഷ്ട്രീയ ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷണം. മഹാരാഷ്ട്രയിലെ ആദ്യ ബി.ജെ.പി സര്‍ക്കാറിന്‍െറ കസേരക്ക് ഇളക്കം തട്ടിയേക്കും. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം കൂടി ബി.ജെ.പിക്ക് എതിരായാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റത്തിന് ശരദ് പവാര്‍ രംഗത്ത് ഇറങ്ങുമെന്നാണ് സൂചനകള്‍.

25 വര്‍ഷത്തിനു ശേഷം നഗരസഭാ തെരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിങ്ങാണ് മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്നത്. 55.28 ശതമാനം. 1992ലെ 49 ശതമാനമാണ് ഇതുവരെയുണ്ടായിരുന്ന വലിയ പോളിങ്. മറാത്തി ഭൂരിപക്ഷ പ്രദേശങ്ങളിലെ റെക്കോഡ് പോളിങ് ശിവസേനക്ക് പ്രതീക്ഷകള്‍ നല്‍കുന്നു. ഗുജറാത്തി വ്യാപാരികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ മുമ്പത്തേതിനേക്കാള്‍ പോളിങ് നടന്നെങ്കിലും പ്രതീക്ഷിച്ചത്ര ഉണ്ടായില്ളെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ പറയുന്നത്.

ദാദര്‍, പരേല്‍, ശിവരി, ശിവജി പാര്‍ക്ക് തുടങ്ങിയ മറാത്തീ ഭൂരിപക്ഷ പ്രദേശങ്ങളിലാണ് വന്‍ വോട്ടിങ് ഉണ്ടായത്. പ്രദേശങ്ങളിലെ വൃദ്ധന്മാര്‍ രംഗത്തിറങ്ങി ആളുകളെക്കൊണ്ട് വോട്ട് ചെയ്യിക്കുകയായിരുന്നു. ബി.ജെ.പിയുടെ അഹന്തക്കു മുന്നില്‍ സേന തോല്‍ക്കരുതെന്ന പഴയ തലമുറയുടെ നിര്‍ബന്ധമാണ് ഇതിനു പിന്നില്‍. നോട്ട് അസാധുവിനെ പരസ്യമായി എതിര്‍ക്കുന്നില്ളെങ്കിലും ഗുജറാത്തി വ്യാപാരികള്‍ക്കിടയില്‍ വിയോജിപ്പുണ്ടെന്നതിന് തെളിവായാണ് ഗുജറാത്തീ ഭൂരിപക്ഷ പ്രദേശങ്ങളായ ദഹിസര്‍, ബോരിവലി, കാന്തിവലി, ഗാഡ്കൂപ്പര്‍ പ്രദേശങ്ങളിലെ പോളിങ് വ്യക്തമാക്കുന്നതെന്നാണ് നിരീക്ഷണം.

ഇവര്‍ക്കിടയിലെ വിയേജിപ്പ് വോട്ടാക്കിമാറ്റാന്‍ കോണ്‍ഗ്രസിന്‍െറ ഭാഗത്തുനിന്ന് ശ്രമമുണ്ടായിട്ടില്ല. 22 ഗുജറാത്തി, മാര്‍വാഡി സമുദായാംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയെങ്കിലും കടുത്ത പ്രചാരണമുണ്ടായിട്ടില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാകട്ടെ സമാജ് വാദി പാര്‍ട്ടിക്കും ശിവസേനക്കും ഇടയില്‍ വോട്ട് വിഭജിച്ചതായാണ് നിരീക്ഷണം. ഹൈദരബാദിലെ മജ്ലിസ് പാര്‍ട്ടിയോടുള്ള ആഭിമുഖ്യവും മുസ്ലിംകളില്‍ കുറഞ്ഞതായാണ് കണക്കുകൂട്ടല്‍. വ്യാഴാഴ്ച വൈകീട്ടോടെ ചിത്രം വ്യക്തമാകും. നാഗ്പുര്‍, പുണെ, താണെ, സോലാപുര്‍ തുടങ്ങി മറ്റ് ഒമ്പതോളം നഗരസഭകളുടെയും 25 ജില്ലാ പരിഷത്തുകളുടെയും ഫലം വ്യാഴാഴ്ചയാണ്.

Tags:    
News Summary - brihanmumbai municipal corporation election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.