ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റത്തിൽ അധികാരം നഷ്ടപ്പെട്ട ബി.ആർ.എസ്, ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയിൽ ചേരാൻ പദ്ധതിയിടുകയാണോ? അയോധ്യയിലെ രാമക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട് പാർട്ടി നേതാവ് കെ. കവിതയുടെ സമൂഹമാധ്യമ പോസ്റ്റിനു പിന്നാലെയാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഈ ചോദ്യം ചർച്ചയാകുന്നത്.
കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്നസാക്ഷാത്കാരമാണ് ക്ഷേത്രമെന്നാണ് കവിത അഭിപ്രായപ്പെട്ടത്.
മതേതര പാർട്ടിയെന്ന് സ്വയം വിളിച്ചിരുന്ന ബി.ആർ.എസിന്റെ നയംമാറ്റത്തിന്റെ സൂചനയാണോ ഇതെന്ന സംശയമാണ് ഉയരുന്നത്. തെലങ്കാനയിൽ അധികാരം നഷ്ടപ്പെട്ട് ഒരാഴ്ചക്കുശേഷമാണ് പുതിയ നിലപാടുമായി ബി.ആർ.എസ് എത്തുന്നത്. ജെ.ഡി.എസിന്റെ വഴി സ്വീകരിച്ച് ബി.ആർ.എസും എൻ.ഡി.എയിലേക്ക് ചേക്കേറുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ബി.ആർ.എസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കദിയം ശ്രീഹരിയും തെരഞ്ഞെടുപ്പിലെ പരാജയശേഷം ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. മാസങ്ങൾക്കുള്ളിൽ കോൺഗ്രസ് സർക്കാർ തകരുമെന്നും ബി.ജെ.പിയുടെയും എ.ഐ.എം.ഐ.എമ്മിന്റെയും സഹായത്തോടെ ബി.ആർ.എസ് വീണ്ടും അധികാരത്തിൽ വരുമെന്നുമാണ് അദ്ദേഹം പറയുന്നത്.ബി.ആർ.എസും ബി.ജെ.പിയും തമ്മിൽ അന്തർധാരയുണ്ടെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.
രാമക്ഷേത്രവിഷയത്തിൽ കവിതയുടെ പ്രസ്താവനയെ പരിഹസിച്ച ബി.ജെ.പി അനുഭാവികൾ കെ.സി.ആറും കവിതയും മുമ്പ് അയോധ്യ വിഷയത്തിൽ നടത്തിയ പ്രസ്താവനകൾ കുത്തിപ്പൊക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.