ഹൈദരാബാദ്: കള്ളപ്പണ കേസിൽ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവ് കെ. കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനായി ഇവരെ ഡൽഹിയിലേക്ക് കൊണ്ടുപോയി . തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾകൂടിയായ കവിതയുടെ ഹൈദരാബാദിലെ വസതിയിൽ ആദായ നികുതി, ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ഈ കേസിൽ കവിതയും പ്രതിയാണ്. നേരത്തെ ഇവരെ ഇ.ഡി ചോദ്യംചെയ്തിരുന്നു. മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്നാവശ്യപ്പെട്ട് കവിതക്ക് നിരവധി തവണ നോട്ടീസും നൽകുകയുണ്ടായി. വെള്ളിയാഴ്ച വൈകീട്ട് 8.45നുള്ള വിമാനത്തിലാണ് കവിതയെ ഡൽഹിയിലേക്ക് കൊണ്ടുപോയതെന്ന് പാർട്ടിവൃത്തങ്ങൾ പറഞ്ഞു.
കെ. ചന്ദ്രശേഖർ റാവുവിന്‍റെ മകളായ കവിത, ഡൽഹി മദ്യനയ അഴിമതിയിൽ നിർണായക പങ്കുവഹിച്ച ‘സൗത്ത് ഗ്രൂപ്പി’ന്‍റെ ഭാഗമാണെന്ന് ഇ.ഡി ആരോപിക്കുന്നു. ഹൈദരാബാദ് വ്യവസായി ശരത് റെഡ്ഡി, വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി എം.പി മഗുന്ത ശ്രീനിവാസലു റെഡ്ഡി, മകൻ രാഘവ് മഗുന്ത റെഡ്ഡി എന്നിവരാണ് ‘സൗത്ത് ഗ്രൂപ്പി’ലെ മറ്റുള്ളവർ എന്നാണ് ഇ.ഡി. ആരോപണം. കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും നിലവിൽ ജയിലിലാണ്.
2023ൽ ഇ.ഡി കവിതയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും സമൻസ് അയച്ചതിന് ഹാജരായിരുന്നില്ല. താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ബി.ജെ.പി രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇ.ഡിയെ ഉപയോഗിക്കുകയാണെന്നുമാണ് കെ. കവിത പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.