ഹൈദരാബാദ്: ബി.ആർ.എസ് നേതാവും തെലങ്കാനയിൽ നിന്നുള്ള എം.പിയുമായ പോത്തുഗണ്ടി രാമുലു ബി.ജെ.പിയിൽ ചേർന്നു. മകനും മറ്റ് മൂന്ന് ബി.ആർ.എസ് നേതാക്കൾക്കും ഒപ്പമാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. ന്യൂഡൽഹിയിലെ ബി.ജെ.പി ഓഫീസിൽ തെലങ്കാനയുടെ ചുമതലയുള്ള തരുൺ ചുഗും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ചേർന്നാണ് രാമുലുവിനെയും സംഘത്തെയും സ്വീകരിച്ചത്.
ഇന്ത്യയെ ലോകത്തിലെ സൂപ്പർ പവർ ആക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്ന് പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിച്ച രാമുലു പറഞ്ഞു. രാജ്യത്തിന്‍റെ മൊത്തത്തിലുള്ള വികസനത്തിനും പ്രത്യേകിച്ച് ദാരിദ്ര്യ നിർമാർജനത്തിനും വേണ്ടിയുള്ള മോദി സർക്കാരിന്‍റെ നയങ്ങളും പരിപാടികളും മതിപ്പുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
മുങ്ങുന്ന കപ്പലാണ് ബി.ആർ.എസ് എന്നും അതിനാൽ നിരവധി നേതാക്കൾ ബി.ആർ.എസ് ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേരുകയാണെന്നും തരുൺ ചുഗ് പറഞ്ഞു. രാമുലു കളങ്കമില്ലാത്ത സ്വഭാവമുള്ള നേതാവാണ് അദ്ദേഹത്തിന്‍റെ സേവനങ്ങൾ തെലങ്കാനയിൽ ബി.ജെ.പിക്ക് അത്യന്താപേക്ഷിതമാണെന്നും തരുൺ ചുഗ് അഭിപ്രായപ്പെട്ടു.
മോദി സർക്കാറിന്‍റെ ക്ഷേമ വികസന പദ്ധതികൾ തെലങ്കാനയിലെ 17 ലോക്‌സഭാ സീറ്റുകളിലും ബി.ജെ.പിയെ വിജയിപ്പിക്കാൻ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും തരുൺ ചുഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.