ഹൈദരാബാദ്: ബി.ആർ.എസ് ലോക്സഭ എം.പി ബി. വെങ്കടേശ് നേഥ ബോർലകുണ്ടയും തിരുമല തിരുപ്പതി ദേവസ്ഥനം മുൻ ബോർഡ് അംഗവുമായ മന്നേ ജീവൻ റെഡ്ഡിയും കോൺഗ്രസിൽ ചേർന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും കോൺഗ്രസ് പ്രവേശനം. 2019 ൽ പെദ്ദപ്പള്ളിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായ അഗം ചന്ദ്രശേഖറിനെ പരാജയപ്പെടുത്തിയാണ് വെങ്കടേശ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വെങ്കടേശും ജീവൻ റെഡ്ഡിയും പാർട്ടി വിടാനുള്ള തീരുമാനം ബി.ആർ.എസിന് തിരിച്ചടിയായി. ബി.ആർ.എസിൽ നിന്ന് കൂടുതൽ പേർ കോൺഗ്രസിലെത്തുമെന്നും റിപ്പോർട്ടുണ്ട്. ബി.ആർ.എസ് മുൻ എം.എൽ.എ ടി രാജയ്യ രാജിവെച്ചിട്ടുണ്ട്. രാജയ്യ ഉടൻ കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ട്. 17 ലോക്സഭ സീറ്റുകളാണ് തെലങ്കാനയിലുള്ളത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ആർ.എസിന് ഒമ്പത് സീറ്റുകളാണ് ലഭിച്ചത്. ബി.ജെ.പി നാലിടത്തും കോൺഗ്രസ് മൂന്നിടത്തും വിജയിച്ചു. പെദ്ദപ്പള്ളിയിൽ നിന്ന് മത്സരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എ ഗദ്ദം വിവേകിന്റെ മകൻ ഗദ്ദം വംശി അപേക്ഷ നൽകിയിട്ടുണ്ട്. നിയമ സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് ഗദ്ദം വിവേക് കോൺഗ്രസിൽ ചേർന്നത്. ചെന്നൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഇദ്ദേഹം വിജയിക്കുകയും ചെയ്തു. 2009ൽ കോൺഗ്രസ് ടിക്കറ്റിൽ വിവേക് പെദ്ദപ്പള്ളിയിൽ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച ജി. വെങ്കട് സ്വാമി ഇതേ മണ്ഡലത്തിൽ നിന്ന് നാലുതവണ എം.പിയായി തെരഞ്ഞെടുക്കപ്പെടുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.