തെലങ്കാനയിൽ നിയമസഭ തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ, ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും (ബി.ആർ.എസ്) പ്രതിപക്ഷമായ കോൺഗ്രസും തമ്മിലെ പോരാട്ടത്തെ ഇഞ്ചോടിഞ്ച് എന്നു തന്നെ വിശേഷിപ്പിക്കാം.
ഭരണവിരുദ്ധവികാരം നേരിടുന്നതിനിടയിലും മൂന്നാം ഊഴത്തിനാണ് ബി.ആർ.എസ് ശ്രമമെങ്കിൽ, കർണാടകയിലെ ഉജ്ജ്വല വിജയവും അതിനെ തുടർന്ന് സംസ്ഥാനത്തെ പാർട്ടിയിലുണ്ടായ ഉണർവുമാണ് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നത്. ബി.ജെ.പി ഭരണത്തിലേറാൻ സാധ്യതയില്ലെങ്കിലും അവർ നേടുന്ന വോട്ടുകൾ കോൺഗ്രസിന്റെ സാധ്യതകൾക്ക് മങ്ങലേൽപിക്കാനിടയുണ്ട്.
തുടർച്ചയായ കൂറുമാറ്റങ്ങളും ചേരിപ്പോരും ഉപതെരഞ്ഞെടുപ്പുകളിലെ പരാജയവും കാരണം ആറുമാസം മുമ്പ് വരെ മോശം അവസ്ഥയിലായിരുന്നു കോൺഗ്രസ്. 2018ലെ തെരഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയ കോൺഗ്രസിന് ഇപ്പോൾ വെറും അഞ്ച് എം.എൽ.എമാരാണുള്ളത്. ഒരു ഡസൻ കോൺഗ്രസ് എം.എൽ.എമാർ ബി.ആർ.എസിലേക്ക് കൂറുമാറി.
ഉപതെരഞ്ഞെടുപ്പുകൾ വിജയിച്ച് ബി.ആർ.എസ് അംഗസംഖ്യ 88ൽനിന്ന് 101 ആയി വർധിപ്പിച്ചു. രണ്ട് ഉപതെരഞ്ഞെടുപ്പ് ജയവും (2018ൽ ഒരു സീറ്റ് മാത്രം) ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവുംകൊണ്ട് ബി.ജെ.പി, തങ്ങളാണ് ബി.ആർ.എസിന് ബദലെന്ന് വരുത്തിത്തീർക്കുന്നതിൽ വിജയംകണ്ടു.
കർണാടക തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയമാണ് ഈ സ്ഥിതിക്ക് മാറ്റംവരുത്തിയത്. എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ പാർട്ടി ബി.ജെ.പിയുടെ കുതിച്ചുചാട്ടത്തിന് തടയിട്ടു. ബി.ആർ.എസിൽനിന്നും ബി.ജെ.പിയിൽനിന്നുമുള്ള ചില പ്രധാന നേ താക്കളെ കൊണ്ടുവന്ന് പാർട്ടിയെ ശക്തിപ്പെടുത്തിയതിനു പുറമെ, മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിെൻറ ആധിപത്യത്തെ വെല്ലുവിളിക്കാൻ കഴിയുന്ന നിലയിലേക്കും എത്തി.
തെലങ്കാന സംസ്ഥാനം രൂപവത്കരണത്തിന് നേതൃത്വം നൽകിയ കോൺഗ്രസിന്, സംസ്ഥാനത്ത് ശക്തമായ സാന്നിധ്യമായിരുന്നിട്ടും 2014, 2018 തെരഞ്ഞെടുപ്പുകളിൽ ഭരണത്തിലേറാൻ കഴിഞ്ഞിരുന്നില്ല. ആറു വാഗ്ദാനങ്ങൾ അവതരിപ്പിച്ചാണ് കോൺഗ്രസ് വോട്ടുചോദിക്കുന്നത്. ബി.ആർ.എസ് സർക്കാറിന്റെ ഭരണപരാജയങ്ങൾ ശക്തമായി ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
ഗോദാവരി നദിക്കു കുറുകെയുള്ള കാളേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി അഴിമതിയും സർക്കാറിനെതിരായ മുഖ്യ പ്രചാരണായുധമാണ്. അതുവരെ ഏറ്റവും വലിയ ഭരണനേട്ടങ്ങളിൽ ഒന്നായി ബി.ആർ.എസ് അവതരിപ്പിച്ചതായിരുന്നു ഈ പദ്ധതി. കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്തിയപ്പോൾ, മെഡിഗഡ്ഡ ബാരേജ് സന്ദർശിച്ച് കാളേശ്വരം പദ്ധതിയെ ‘കെ.സി.ആറിന്റെയും കുടുംബത്തിന്റെയും എ.ടി.എമ്മെന്നും’ പരിഹസിച്ചു.
പദ്ധതിയിൽ ഒരുലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ഇതിനെ പ്രതിരോധിക്കാനാകാതെ, വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് പറഞ്ഞൊഴിയാൻ മാത്രമേ ബി.ആർ.എസിന് കഴിയുന്നുള്ളൂ.
അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏകദേശം രണ്ടു മാസം മുമ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബി.ആർ.എസ് പ്രചാരണത്തിൽ ഏറെ മുന്നിലാണ്. ദിവസവും രണ്ടോ മൂന്നോ റാലികളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു മുന്നിൽനിന്ന് നയിക്കുന്നു. കഴിഞ്ഞ രണ്ടു ടേമുകളിലെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി സംസ്ഥാനത്തിന്റെ വികസനത്തുടർച്ചക്ക് വോട്ടുചെയ്യണമെന്നാണ് അഭ്യർഥന.
നേതാക്കൾ കോൺഗ്രസിലേക്കും ബി.ആർ.എസിലേക്കും കൂറുമാറിയതോടെ തുടർച്ചയായ തിരിച്ചടികൾ നേരിട്ട ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിന്നിലാണ്. നടൻ പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടിയുമായി (ജെ.എസ്.പി) തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. എൻ.ഡി.എ ഘടകകക്ഷിയാണ് ജെ.എസ്.പി.
ഹൈദരാബാദ് എം.പി അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) ഹൈദരാബാദിലെ ഒമ്പതു സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. നിലവിൽ ഏഴ് എം.എൽ.എമാരുള്ള പാർട്ടി, മറ്റു ഭാഗങ്ങളിൽ ബി.ആർ.എസിനെയാണ് പിന്തുണക്കുന്നത്. 119 അംഗ നിയമസഭയിലേക്ക് നവംബർ 30നാണ് വോട്ടെടുപ്പ്. ആകെ വോട്ടർമാർ 3.20 കോടി.
രണ്ടു സംഭവവികാസങ്ങൾ കോൺഗ്രസിന്റെ മനോവീര്യം വർധിപ്പിക്കുന്ന ഘടകങ്ങളാണ്. തെലുഗുദേശം പാർട്ടി (ടി.ഡി.പി) നേതാവും അവിഭക്ത ആന്ധ്രയുടെ മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു അഴിമതിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നുണ്ടായ പാർട്ടിയിലെ പ്രശ്നങ്ങൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുന്നതാണ് ഒന്ന്. ടി.ഡി.പി ആർക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലപാട് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
മുൻ മുഖ്യമന്ത്രി അന്തരിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്. ശർമിളയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആർ തെലങ്കാന പാർട്ടിയും മത്സരിക്കുന്നില്ല. ഇവർ കോൺഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഈ രണ്ടു ഘടകങ്ങളും കോൺഗ്രസിന് നൽകുന്ന മുൻതൂക്കം ചെറുതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.