ബുദ്ധദേബ്: ബംഗാളിന്റെ ചുവന്ന മണ്ണിൽ മൂലധനം കൊണ്ടുവന്ന കമ്മ്യൂണിസ്റ്റ് നേതാവ്

ന്ത്യൻ കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടിയുടെ വ്യവസായ വിരുദ്ധ പ്രതിച്ഛായ ഇല്ലാതാക്കാനും വ്യവസായവത്കരണത്തെ പ്രോത്സാഹിപ്പിക്കാനും കഠിനമായി പ്രയത്നിച്ച വ്യക്തിയായിരുന്നു വ്യാഴാഴ്ച രാവിലെ അന്തരിച്ച പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിന്‍റെ മുതിർന്ന നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ. ഇന്ത്യൻ കമ്യൂണിസ്റ്റ് ഭൂമിയായ പശ്ചിമ ബംഗാളിന്റെ വികസനത്തിനു വേണ്ടി പ്രത്യയശാസ്ത്രപരമായ ബോധ്യങ്ങൾ മാറ്റിവച്ച പ്രായോഗിക നേതാവായി അദ്ദേഹത്തെ ചരിത്രം രേഖപ്പെടുത്തും.

യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്. സംസ്ഥാനത്ത് വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനായി നിക്ഷേപകരെ ആകർഷിക്കുന്നതിന് അദ്ദേഹം നിരന്തരം പ്രവർത്തിച്ചു. പോളിറ്റ് ബ്യൂറോ അംഗമായിരുന്നിട്ടുകൂടി ഇടതുപക്ഷ പാർട്ടികളുടെ ഉപകരണമായ പണിമുടക്ക് രാഷ്ട്രീയത്തെ ബുദ്ധദേബ് എതിർത്തു.

പാർട്ടിക്കകത്തും പുറത്തും നിന്ന് അദ്ദേഹത്തിന് പ്രശംസയും വിമർശനവും ഏറെ ലഭിച്ചു. പൊളിറ്റ്ബ്യൂറോ അംഗമായിരുന്നിട്ടും പാർട്ടി ട്രേഡ് യൂനിയൻ വിഭാഗമായ സി.ഐ.ടി.യുവിനെ പരസ്യമായി അപലപിക്കാനും അദ്ദേഹം മടികാട്ടിയില്ല. പണിമുടക്കിനും ബന്ദിനും അദ്ദേഹം എതിരായിരുന്നു. ഈ നടപടി കാരണം അദ്ദേഹത്തിന്റെ ജനപ്രീതി വർധിക്കുകയും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുകയും ചെയ്തു.

നഗരത്തിൽ നിന്ന് അകലെയല്ലാത്ത ഫലഭൂയിഷ്ഠമായ കാർഷിക മേഖലയായ സിങ്കൂരിൽ ചെറിയ കാർ പ്ലാന്റ് സ്ഥാപിക്കാൻ ടാറ്റ മോട്ടോഴ്‌സിനെ ആകർഷിച്ചതാണ് ബുദ്ധദേബ് ഭട്ടാചാര്യയുടെ ഏറ്റവും വലിയ നേട്ടം. അത് അദ്ദേഹത്തിനും പാർട്ടിക്കും പിന്നീട് തിരിച്ചടിയായതും ചരിത്രം.

ഇടതുപക്ഷ പാർട്ടികളുടെ പ്രധാന വോട്ട് ബാങ്കായ കർഷകരുടെ എതിർപ്പ് കാർ പ്ലാന്റിനും മുഖ്യമന്ത്രിയായ അദ്ദേഹത്തിനും നേരിടേണ്ടി വന്നു. ഒടുവിൽ മാർക്സിസ്റ്റ് സർക്കാറിന്റെ പതനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി അത് മാറി. 2007 മാർച്ച് 14 ന് പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിയുതിർക്കുകയും 14 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. തുടർന്ന് പശ്ചിമ ബംഗാളിൽ മമത ബാനർജി യുഗം തുടങ്ങിയതും സിപി.എം നിലം തൊടാതെ പോയതും ചരിത്രം. 

Tags:    
News Summary - Buddhadeb: Communist leader who brought capital to the red soil of Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.