ന്യൂഡൽഹി: 14 ദിവസം തുടർച്ചയായി സ്തംഭിച്ച പാർലമെൻറിെൻറ ബജറ്റ് സമ്മേളനം പിരിയാനും വയ്യ, തുടരാനും വയ്യാത്ത അവസ്ഥയിൽ. തുടരാൻ വയ്യാത്തത് തുടർച്ചയായ ബഹളം കൊണ്ടാണെങ്കിൽ, നേരത്തേ പിരിയാൻ വയ്യാത്തത് ബജറ്റ് പാസാക്കുന്ന ഭരണഘടനാപരമായ നടപടി പൂർത്തിയാക്കാൻ സാവകാശം വേണ്ടതുകൊണ്ടാണ്. മോദി മന്ത്രിസഭക്കെതിരെ ടി.ഡി.പിയും വൈ.എസ്.ആർ കോൺഗ്രസും ലോക്സഭയിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തുടർച്ചയായ അഞ്ചാം ദിവസവും ബഹളത്തിെൻറ പേരിൽ മാറ്റിവെക്കുകയാണ് സ്പീക്കർ സുമിത്ര മഹാജൻ ചെയ്തത്. എ.െഎ.എ.ഡി.എം.കെയും ടി.ആർ.എസും നടുത്തള സമരം തുടരുകയാണ്. അതുകൊണ്ട് വെള്ളിയാഴ്ചയും പതിവുപോലെ കൂടി, മിനിറ്റുകൾക്കകം പിരിഞ്ഞേക്കും.
മാർച്ച് അഞ്ചിനു തുടങ്ങി ഏപ്രിൽ ആറിനു സമാപിക്കണമെന്ന് നിശ്ചയിച്ച രണ്ടാംപാദ ബജറ്റ് സമ്മേളനം നേരത്തേ പിരിയേണ്ടി വരുമെന്ന് വ്യക്തമാണ്. എന്നാൽ, ലോക്സഭയിൽ ബഹളത്തിനിടയിൽ ചർച്ച കൂടാതെ പാസാക്കിയ ധനബില്ലും ധനവിനിയോഗ ബില്ലുകളും രാജ്യസഭ കൂടി പാസാക്കാതെ ഏപ്രിൽ ഒന്നു മുതൽ നയാപൈസ ഖജനാവിൽനിന്ന് എടുത്തു ചെലവാക്കാൻ സർക്കാറിന് പറ്റില്ല. ലോക്സഭയിൽ അംഗീകരിച്ച ബജറ്റു നിർദേശങ്ങളും ധനവിനിയോഗ ബില്ലുകളും രാജ്യസഭയുടെ മുമ്പാകെ എത്തിയിട്ടുണ്ടെങ്കിലും, അവിടെയും ബഹളം തന്നെ. എന്നാൽ, അതിെൻറ പേരിൽ പണബിൽ വല്ലാതെ വൈകിപ്പിക്കാൻ പറ്റില്ല. ചർച്ച നടത്തി പാസാക്കാൻ കഴിഞ്ഞില്ലെങ്കിലും രാജ്യസഭയിലെത്തുന്ന പണബില്ലുകൾ 14 ദിവസം കഴിഞ്ഞാൽ പാസായതായി കണക്കാക്കി ലോക്സഭയിലേക്ക് തിരിച്ചയക്കും.
ലോക്സഭ മാർച്ച് 14നാണ് ധനബിൽ പാസാക്കിയത്. ബഹളം തുടരുന്നതിനാൽ വീണ്ടുമൊരു 14 ദിവസം കൂടി കഴിയാതെ ബജറ്റ് സാേങ്കതികമായി പാസാവില്ല. അത്രയും ദിവസങ്ങൾ കൂടി പിന്നിടാൻ വേണ്ടി ഇരുസഭകളും ദിനേന സമ്മേളിച്ചു പിരിയുന്നതാണ് ഇപ്പോഴത്തെ കാഴ്ച. അതു കഴിഞ്ഞാൽ ബജറ്റ് സമ്മേളനം മതിയാക്കും. ഒരു മിനിറ്റ് പാർലമെൻറ് സമ്മേളിക്കാൻ ചെലവ് രണ്ടര ലക്ഷം രൂപയാണെന്നത് മറുപുറം. അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാൻ ഭരണപക്ഷത്തിന് താൽപര്യമില്ല. സഭാന്തരീക്ഷം ശാന്തമാക്കാൻ വിവിധ പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചന നടത്താനും സർക്കാർ തയാറായിരുന്നില്ല. ഇത് വിമർശനം ഉയർത്തിയ പശ്ചാത്തലത്തിൽ വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളെ വസതിയിൽ ചെന്നിട്ടായാലും കണ്ടു സംസാരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാർലമെൻററികാര്യ സഹമന്ത്രി വിജയ് ഗോയൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.