ബുലന്ദ്ശഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഗോവധം ആരോപിച്ച് സംഘ്പരിവാർ പ്രവർത്തകർ നടത്തിയ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ സുബോധ്കുമാർ സിങ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഇവരെ കൂടാതെ നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യു.പി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കലാപകാരികളെ അറസ്റ്റ് ചെയ്തത്.
അതിനിടെ, സംഘ്പരിവാർ പ്രവർത്തകർ നടത്തിയ കലാപത്തിനിടെ സുബോധ്കുമാർ സിങ് കൊല്ലപ്പെട്ടത് വെടിയേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. സുബോധ്കുമാർ സിങ്ങിനെ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് നേരത്തെ വാർത്തകൾ വന്നിരുന്നത്. പോസ്റ്റ്മോർട്ടം പുറത്തു വന്നതോടെ അനിശ്ചിതത്വം അവസാനിച്ചു. അക്രമികള്‍ തോക്കുമായാണു വന്നതെന്ന് സുബോധിെൻറ ഡ്രൈവർ മൊഴിനല്‍കിയിട്ടുണ്ട്. പരിക്കേറ്റ പൊലിസ് ഒാഫിസറെ ആശുപത്രിയിലേക്ക് മാറ്റുന്നത് ഒരുസംഘം തടഞ്ഞതും ഗുഢാലോചന നടന്നതിെൻറ തെളിവാണ്.
‘കൊല്ലവനെ’ എന്ന് 100ഒാളം പേർ ആർത്തുവിളിക്കുന്നുണ്ടായിരുന്നു. കരിമ്പ് പാടത്ത് നിലയുറപ്പിച്ച ചിലരാണ് അദ്ദേഹത്തിനു നേരെ വെടിയുതിർത്തതെന്ന് റിപ്പോർട്ടുണ്ട്. സംഭവത്തിൽ വിശദീകരണം തേടി ഉത്തർപ്രദേശ് സർക്കാറിനും സംസ്ഥാന പൊലീസ് മേധാവിക്കും ദേശീയ മനുഷ്യാവകാശ കമീഷൻ നോട്ടീസ് അയച്ചു. സുബോധിെൻറ സര്‍വിസ് തോക്കും മൊബൈല്‍ ഫോണും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അദ്ദേഹത്തെ ഒറ്റക്കാക്കി മറ്റ് പൊലീസുകാര്‍ രക്ഷപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും എ.ഡി.ജി.പി പ്രശാന്ത് കുമാര്‍ അറിയിച്ചു.
യു.പിയിലെ ദാദ്രിയിൽ വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മുഹമ്മദ് അഖ് ലാഖിനെ ഗോരക്ഷ ഗുണ്ടകൾ തല്ലിക്കൊന്ന കേസ് തുടക്കത്തിൽ അന്വേഷിച്ചത് സുബോധ്കുമാർ സിങ്ങായിരുന്നു. ബുലന്ദ്ശഹർ ജില്ലയിലെ സയാന മേഖലയിലെ ചിങ്ക്രാവതിയിലാണ് തിങ്കളാഴ്ച പകൽ സംഘ്പരിവാർ പ്രവർത്തകർ അഴിഞ്ഞാടിയത്. തെരുവിലിറങ്ങിയ പ്രക്ഷോഭകർ പൊലീസിനുനേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് വ്യാപകമായി തീവെക്കുകയുമായിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സുമിത്(20) ആണ് വെടിയേറ്റ് കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ. കല്ലേറിൽ സുബോധ് കുമാറിന് പരിക്കേറ്റിരുന്നു.
2015 സെപ്റ്റംബര്‍ 28 മുതല്‍ നവംബര്‍ ഒമ്പതുവരെ ദാദ്രി സംഭവം അന്വേഷിച്ച സുബോധ് കുമാര്‍ നിരവധി പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. ദാദ്രി അന്വേഷണത്തോടെ സംഘ്പരിവാറിെൻറ കണ്ണിലെ കരടായ സുബോധ് കുമാറിനെ കൊലപ്പെടുത്താനാണ് ആക്രമണം നടത്തിയതെന്ന് വാര്‍ത്ത വന്നതോടെ ഈ നിലക്കുകൂടി അന്വേഷണം നടത്തുന്നുണ്ടെന്ന് ബുലന്ദ്ശഹര്‍ ജില്ല മജിസ്ട്രേറ്റ് പറഞ്ഞു.
സംഭവത്തിൽ യു.പി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
മാഹൗ ഗ്രാമത്തിലെ വനത്തിൽ പശുവിെൻറ അവശിഷ്ടങ്ങൾ കണ്ടതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സംഘ്പരിവാർ പ്രവർത്തകർ പശുവിെൻറ അവശിഷ്ടങ്ങൾ ട്രാക്ടറിൽ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നു. ഒരു പ്രത്യേക സമുദായക്കാരാണ് ഇതിനു പിന്നിലെന്നും അവർക്കെതിരെ നടപടി വേണമെന്നുമായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.
സുബോധ് കുമാർ സിങ്ങിന് കണ്ണീരോടെ വിട
ഇറ്റ: ബുലന്ദ്ശഹറിൽ വർഗീയ കലാപത്തിനിടെ സംഘ്പരിവാർ പ്രവർത്തകരുടെ വെടിയേറ്റ് മരിച്ച പൊലീസ് ഒാഫിസർക്ക് നാടിെൻറ കണ്ണിരിൽ കുതിർന്ന വിട. സുബോധ് കുമാർ സിങ്ങിെൻറ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ബന്ധുക്കളും നാട്ടുകാരും ദുഃഖമടക്കാൻ പ്രയാസപ്പെട്ടു.
പൂർണ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സാന്ത്വനിപ്പിക്കാൻ എത്താതെ മൃതദേഹം സംസ്കരിക്കുന്നതിനെ ആദ്യം സിങ്ങിെൻറ സഹോദരിയും അമ്മാവനും എതിർത്തു. സിങ്ങിെൻറ മകെൻറ ഇടപെടലിനെ തുടർന്നാണ് പിന്നീട് സംസ്കാരത്തിന് എടുത്തത്.
ജില്ലയിലെ മുഴുവൻ പൊലീസുകാരും ഒരുദിവസത്തെ ശമ്പളം സിങ്ങിെൻറ കുടുംബത്തിന് നൽകുമെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ആഷിഷ് തിവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.