നാഗ്പുർ മൈനോറിറ്റി ഡെമോക്രാറ്റിക്ക് പാർട്ടി നേതാവ് ഫഹിം ശമീം ഖാന്റെ വസതി അനധികൃത നിർമിതി ആരോപിച്ച് നഗരസഭ പൊളിച്ചുനീക്കുന്നു
മുംബൈ: നാഗ്പുർ സംഘർഷ കേസിൽ അറസ്റ്റിലായ മൈനോറിറ്റി ഡെമോക്രാറ്റിക്ക് പാർട്ടി നേതാവ് ഫഹിം ശമീം ഖാന്റെ വസതി അനധികൃത നിർമിതി ആരോപിച്ച് നാഗ്പുർ നഗരസഭ പൊളിച്ചുനീക്കി. വൻ സുരക്ഷ സന്നാഹത്തോടെ തിങ്കളാഴ്ചയാണ് നടപടി. ഫഹിം ശമീം ഖാന്റെ നാഗ്പുർ സഞ്ജയ് ഭാഗ് കോളനിയിലെ വീട് മുഴുവനായും തകർത്ത നഗരസഭ ഇതേ കേസിൽ അറസ്റ്റിലായ യുസുഫ് ശൈഖിന്റെ വീട് ഭാഗികമായി പൊളിച്ചു. നഗരസഭ നടപടി ബോംബെ ഹൈകോടതി നാഗ്പുർ ബെഞ്ച് സ്റ്റേ ചെയ്തെങ്കിലും അപ്പോഴേക്കും ഫഹിം ഖാന്റെ വീട് പൂർണമായും പൊളിച്ചിരുന്നു.
നഗരസഭ നടപടിക്കെതിരെ ഇരുവരും നൽകിയ ഹരജിയിലാണ് സ്റ്റേ ഉത്തരവ്. അമിതാധികാര പ്രയോഗമെന്ന് ആരോപിച്ചും ഹരജിക്കാർക്ക് അവരുടെ ഭാഗം അവതരിപ്പിക്കാൻ അവസരം നൽകാത്തതിനെ ചോദ്യം ചെയ്തുമാണ് ജസ്റ്റിസുമാരായ നിതിൻ സംമ്പ്രേ, വൃഷാലി ജോഷി എന്നിവരുടെ ഉത്തരവ്. തുടർവാദം ഏപ്രിൽ 15 ലേക്ക് മാറ്റിയ കോടതി ഹരജിയിൽ അന്തിമ വിധി ഹരജിക്കാർക്ക് അനുകൂലമായാൽ സർക്കാർ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് വ്യക്തമാക്കി. അനധികൃത നിർമാണം ആരോപിച്ചാണ് നഗരസഭ നടപടി. ഇരുവർക്കും 24 മണിക്കൂർ മുമ്പ് നോട്ടീസ് നൽകിയതായി അധികൃതർ പറഞ്ഞു.
ഫഹിമിന്റെ മാതാവ് മെഹറുന്നിസയുടെ പേരിലാണ് വീടും നിലവും. നാഗ്പുർ ഇംപ്രൂവ്മെന്റ് ട്രസ്റ്റാണ് ഭൂമിയുടെ യഥാർഥ ഉടമയെന്നും മെഹറുന്നിസയുമായുള്ള ലീസ് കാലാവധി 2020ൽ അവസാനിച്ചെന്നുമാണ് ഔദ്യോഗിക വാദം. ഇവിടെ കെട്ടിടനിർമാണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ആശി നഗർ മേഖല അസിസ്റ്റന്റ് പൊലീസ് കമീഷണർ ഹരീഷ് റാവുത്ത് പറഞ്ഞു.
നാഗ്പുർ സംഘർഷത്തിൽ പൊലീസ് മുസ്ലിംകൾക്ക് നേരെ മാത്രമാണ് നടപടി എടുക്കുന്നതെന്ന് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമിൻ മഹാരാഷ്ട്ര അധ്യക്ഷൻ ഇംതിയാസ് ജലീൽ ആരോപിച്ചു. ഔറംഗസീബ് മുസ്ലിംകൾക്ക് വീരനായകനല്ലെന്നും മുസ്ലിംകൾക്ക് മുഗളരുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് വീടും കടയും ഇടിച്ചുനിരത്തിയ സംഭവത്തിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ഹരജിയിൽ മഹാരാഷ്ട്രയിലെ മൽവാൻ മുനിസിപ്പൽ കൗൺസിലിന് സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞമാസം 24നാണ് സിന്ധുദുർഗ് സ്വദേശിയായ കിതാബുല്ല ഹമീദുല്ല ഖാൻ, ഭാര്യ, 14 കാരനായ മകൻ എന്നിവർക്കെതിരെ കേസെടുത്തത്. തുടർന്ന് വീടും കടയും ഇടിച്ചുനിരത്തിയതായി ഹരജിയിൽ പറയുന്നു. വസ്തുവകകൾ ഇടിച്ചുനിരത്തുന്നതിനെതിരെ കഴിഞ്ഞ വർഷം നവംബർ 13ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.