ബുൾഡോസർ നീതി അംഗീകരിക്കാനാവില്ല; ചീഫ് ജസ്റ്റിസെന്ന നിലയിൽ അവസാന വിധിയുമായി ഡി.വൈ.ചന്ദ്രചൂഢ്

ന്യൂഡൽഹി: വിരമിക്കുന്നതിന് മുമ്പ് ബുൾഡോസർ രാജിൽ അവസാന വിധിയുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ച​​ന്ദ്രചൂഢ്. കെട്ടിടങ്ങൾ തകർത്തും ഭീഷണിയിലൂടേയും ബുൾഡോസർ നീതിയിലൂടെയും ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നിയമം മൂലം മുന്നോട്ട് പോകുന്ന ഒരു സമൂഹത്തിൽ ബുൾഡോസർ നീതി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം വീടുകളുടെ സംരക്ഷണത്തിനുള്ള അവകാശം ജനങ്ങളുടെ മൗലികവകാശമാണ്. കൈയേറ്റങ്ങൾക്കെതിരെയും അനധികൃത നിർമാണങ്ങൾക്കെതിരെയും നടപടിയെടുക്കുന്നതിന് മുമ്പ് നടപടിക്രമങ്ങൾ പാലിക്കാനും ഉറപ്പാക്കാനും സംസ്ഥാനം ബാധ്യസ്ഥമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ബുൾഡോസറിലൂടെ നീതി നൽകുന്നത് മറ്റൊരു പരിഷ്‍കൃത സമൂഹത്തിലും കാണാനാവില്ല. നിയമവിരുദ്ധമായി പൗരൻമാരുടെ കെട്ടിടങ്ങൾ പൊളിക്കുന്നതിന് ഉദ്യോഗസ്ഥർ തന്നെ അംഗീകാരം നൽകുകയാണെങ്കിൽ ചിലപ്പോൾ ഇത്തരം നടപടികൾ പ്രതികാരത്തിലേക്ക് വഴി മാറുമെന്ന് അദ്ദേഹം പറഞ്ഞു. 2019ൽ യു.പിയിലെ മഹാരാജഗഞ്ചിലെ ​കെട്ടിടം തകർത്തതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശം.

സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങൾ തകർത്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇതിന് മുമ്പും സുപ്രീംകോടതി പരിഗണിച്ചിട്ടുണ്ട്. ബുൾഡോസർ രാജിൽ കോടതിയിൽ നിന്നും പരാമർശവുമുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് വിരമിക്കലിൽ മുമ്പ് ഡി.വൈ ച​​ന്ദ്രചൂഢിൽ നിന്നും നിർണായക വിധിയുണ്ടായിരിക്കുന്നത്.

നവംബർ ആറിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേസിൽ വിധി പറഞ്ഞത്. പിന്നീട് വിധിന്യായം സുപ്രീംകോടതിയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. 2019ൽ മാധ്യമപ്രവർത്തകനായ മനോജ് തിബ്രേവാൾ അകാശിന്റെ വീട് തകർത്തതുമായി ബന്ധപ്പെട്ടുള്ള കേസാണ് സുപ്രീംകോടതി പരിഗണിച്ചത്.

Tags:    
News Summary - Bulldozer justice unacceptable: DY Chandrachud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.