ന്യൂഡൽഹി: മുസ്‌ലിം സ്ത്രീകളെ വിൽപനക്ക് വെച്ച 'ബുള്ളി ബായ്' ആപ്പ് നിർമിച്ചതിൽ ഒരു കുറ്റബോധവുമില്ലെന്ന് കേസിലെ പ്രധാന പ്രതിയായ നീരജ് ബിഷ്‌ണോയ്. ശരിയായ കാര്യമാണ് താൻ ചെയ്തതെന്നാണ് വിശ്വസിക്കുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. അസമിലെ ജോർഹത് സ്വദേശിയാണ് 21 കാരനായ ബിഷ്ണോയ്.
ആപ്പ് നിർമിക്കാനുപയോഗിച്ച ഉപകരണങ്ങൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഏഴ് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റവെയര്‍ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബില്‍ ഹോസ്റ്റ് ചെയ്ത ആപ്ലിക്കേഷനുണ്ടാക്കാനുപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ നീരജാണ് ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കിയതെന്നാണ് വിവരം. ഭോപ്പാലിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബി.ടെക് വിദ്യാര്‍ഥിയാണ് നീരജ്.
ബിഷ്‌ണോയ് ഉണ്ടാക്കിയ ബുള്ളി ഭായ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് നിലവില്‍ റദ്ദ് ചെയ്തിരിക്കുകയാണ്. നവംബറിലാണ് ആപ്പ് നിർമിച്ചതെന്നും ഡിസംബർ 31 നാണ് അത് പുറത്തുവിട്ടതെന്നും ചോദ്യം ചെയ്യലിനിടെ ബിഷ്‌ണോയ് പൊലീസിനോട് പറഞ്ഞു. മുംബൈ പൊലീസിനെ കളിയാക്കുന്നതിന് വേണ്ടിയും ബിഷ്‌ണോയ് മറ്റൊരു ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുംബൈ പൊലീസിനെ സ്ലംബൈ പൊലീസ് എന്ന് ഇയാള്‍ വിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.