ന്യൂഡൽഹി: വിദ്വേഷ പ്രചാരണത്തിനായി മുസ്‌ലിം സ്ത്രീകളെ വിൽപനക്ക് വെച്ച 'ബുള്ളി ബായ്' ആപ്പിനും, മാസങ്ങൾക്ക് മുമ്പ് സമാന രീതിയിൽ വിദ്വേഷ പ്രചാരണം നടത്തിയ 'സുള്ളി ഡീൽസ്' ആപ്പിനും തമ്മിൽ ബന്ധമുണ്ടെന്ന് ബുള്ളി ബായ് കേസിലെ മുഖ്യപ്രതി നീരജ് ബിഷ്ണോയ്. സുള്ളി ഡീൽസ് ആപ്പ് നിർമിച്ചവരും താനും ബന്ധപ്പെട്ടിരുന്നതായി ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് ആക്ടിവിസ്റ്റുകളായ മുസ്‌ലിം സ്ത്രീകളെ വിൽക്കാനുണ്ടെന്നു പരസ്യപ്പെടുത്തി സുള്ളി ഡീൽസ് എന്ന ആപ്പ് രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ പൊലീസ് കേസെടുത്തിരുന്നെങ്കിലും ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
വിവിധ സമൂഹമാധ്യമങ്ങളിൽ നിന്ന് ശേഖരിച്ച പെൺകുട്ടികളുടെ ചിത്രമാണ് ഗിറ്റ് ഹബ് എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിർമിച്ച സുള്ളി ഡീൽസ് ആപ്പിൽ ഉപയോഗിച്ചത്. ആപ്പ് തുറക്കുമ്പോൾ 'ഫൈൻഡ് യുവർ സുള്ളി ഓഫ് ഡേ' എന്നതിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടും. ഇതിൽ ക്ലിക്ക് ചെയ്യുന്നതിന് പിന്നാലെ 'സുള്ളി ഓഫ് ദ ഡേ' എന്ന പേരിൽ മുസ്ലീം യുവതിയുടെ ചിത്രവും സമൂഹമാധ്യമങ്ങളിലെ അവരുടെ വിവരങ്ങളും ലഭ്യമാകും. ആപ്പിൽ എത്തിയയാൾക്ക് ഈ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ സാധിക്കുകയും ചെയ്യും. ഇത്തരത്തിൽ നൂറ് കണക്കിന് സ്ത്രീകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടതോടെയാണ് വിവരം പുറത്തുവന്നത്. ഉത്തരേന്ത്യയില്‍ മുസ്ലിം സ്ത്രീകളെ അപമാനിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് 'സുള്ളി'.
ഇതിന് സമാനമായാണ് ഏതാനും ദിവസം മുമ്പ് 'ബുള്ളി ബായി' എന്ന പേരിൽ മുസ്‌ലിം സ്ത്രീകളെ വിൽപനക്ക് വെച്ച് ആപ്പ് പ്രത്യക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഉൾപ്പെടെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്.
നീരജ് ബിഷ്ണോയ്, ശ്വേത സിങ്, മായങ്ക് അഗർവാൾ, വിശാൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഭോപാലിൽ രണ്ടാം വർഷ എൻജിനീയറിങ്ങിന് പഠിക്കുന്ന നീരജ് ബിഷ്ണോയ് ആണ് ഗിറ്റ്ഹബ് പ്ലാറ്റ്ഫോമിൽ 'ബുള്ളി ബായ്' ആപ് ഉണ്ടാക്കിയതിന്റെ മുഖ്യ ഗൂഢാലോചകനെന്ന് പൊലീസ് പറയുന്നു. ഉത്തരഖണ്ഡിൽനിന്നാണ് ശ്വേത സിങ് അറസ്റ്റിലായത്. ഉത്തരാഖണ്ഡിൽനിന്നുതന്നെ അറസ്റ്റിലായ മായങ്ക് അഗർവാളും ബംഗളൂരുവിൽനിന്ന് അറസ്റ്റിലായ എൻജിനീയറിങ് വിദ്യാർഥി വിശാൽ കുമാറും കൂട്ടുപ്രതികളാണ്.
'ബുള്ളി ബായ്' ആപ്പ് നിർമിച്ചതിൽ തനിക്ക് ഒരു കുറ്റബോധവുമില്ലെന്ന് പ്രധാന പ്രതിയായ നീരജ് ബിഷ്‌ണോയ് പറഞ്ഞത്. ശരിയായ കാര്യമാണ് താൻ ചെയ്തതെന്നാണ് വിശ്വസിക്കുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.