ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ വില്‍പനക്ക് വെച്ച 'ബുള്ളി ബായ്' ആപ് നിര്‍മാതാക്കളിലൊരാളായ നീരജ് ബിഷ്‌ണോയി (20)യുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി വീണ്ടും തള്ളി. സ്ത്രീത്വത്തെ അപമാനിക്കുന്നത് മാത്രമല്ല, സാമുദായിക സാഹോദര്യത്തെ തന്നെ തകർക്കുന്ന കുറ്റകൃത്യമാണ് പ്രതിക്കെതിരെയുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് അഡിഷണൽ സെഷൻസ് ജഡ്ജ് ധർമേന്ദ്ര റാണ ഇന്നലെ ബിഷ്ണോയുടെ ജാമ്യാപേക്ഷ തള്ളിയത്. രണ്ടാഴ്ച മുമ്പും ജാമ്യാപേക്ഷ തള്ളിയിരുന്നു.
മൈക്രോസോഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള സോഫ്റ്റവെയര്‍ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബിൽ 'ബുള്ളി ബായ്' എന്ന ആപ്ലിക്കേഷനുണ്ടാക്കിയാണ് പ്രതിയുടെ നേതൃത്വത്തിൽ ശ്രദ്ധേയരായ മുസ്ലിം സ്ത്രീകളുടെ ഫോട്ടോ സഹിതം 'വിൽപ്പനക്ക്' വെച്ചത്. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ നീരജാണ് ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കഴിഞ്ഞ വർഷം സമാന രീതിയിൽ 'സുള്ളി ഡീൽ' എന്ന പേരിലും ആപ്പുണ്ടാക്കി മുസ്ലിം സ്ത്രീകളെ വിൽപ്പനക്ക് വെച്ചിരുന്നു.
ബുള്ളി ബായ് ആപുമായി ബന്ധപ്പെട്ട് ശ്വേത സിങ്, മായങ്ക് റാവത്, ഓംകാരേശ്വര്‍ ഠാക്കൂര്‍, വിശാല്‍ കുമാര്‍ ഝാ എന്നീ പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. ആപ് നിര്‍മിച്ചതില്‍ ഒരു കുറ്റബോധവുമില്ലെന്നും ശരിയായ കാര്യമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യപ്രതിയായ നീരജ് ബിഷ്ണോയി പൊലീസിനോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.