ചെന്നൈ: സെപ്റ്റംബർ ഒന്നിന് ശേഷം വിൽക്കുന്ന എല്ലാ വാഹനങ്ങൾക്കും അഞ്ച് വർഷത്തേക്ക് 'ബമ്പർ ടു ബമ്പർ' ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി മദ്രാസ് ഹൈക്കോടതി. ഡ്രൈവർ ഉൾപ്പെടെ വാഹനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ജസ്റ്റിസ് എസ്. വൈദ്യനാഥൻ ഉത്തരവിൽ വ്യക്തമാക്കി.
തേർഡ് പാർട്ടി ഇൻഷുറൻസ് കവറേജ് മാത്രമുള്ള വാഹനം അപകടത്തിൽപ്പെട്ട കേസിൽ മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് 14.65 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയോട് നിർദേശിച്ച ഇൗറോഡ് മോട്ടോർ ആക്സിഡൻറ് ട്രിബ്യൂണലിെൻറ ഉത്തരവ് റദ്ദാക്കിയാണ് ഹൈകോടതി ഉത്തരവ്.
ഒരു വാഹനം വിൽക്കുമ്പോൾ വാങ്ങുന്നയാൾക്ക് പോളിസി നിബന്ധനകളെക്കുറിച്ചും അതിെൻറ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമായി ബോധ്യപ്പെടുത്താനാവാത്തത് ദു:ഖകരമാണ്. പോളിസി നിബന്ധനകളും വ്യവസ്ഥകളും നന്നായി മനസ്സിലാക്കാൻ വാഹനം വാങ്ങുന്നയാൾക്കും താൽപ്പര്യമുണ്ടാവാറില്ല. വാഹനത്തിെൻറ പ്രത്യേകതകളിലും പ്രകടനത്തിലും മാത്രമാണ് ഭൂരിഭാഗംപേരും കൂടുതലായി ശ്രദ്ധിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
വലിയ തുകക്ക് വാഹനം വാങ്ങുന്നവർ തങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിനായി ഇൻഷുറൻസ് പോളിസിയെടുക്കാൻ തുച്ഛമായ തുക ചെലവഴിക്കാൻ താൽപര്യം കാണിക്കാത്തത് ഞെട്ടിക്കുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഡ്രൈവർ, യാത്രക്കാർ, മൂന്നാം കക്ഷികൾ എന്നിവരുടെ സുരക്ഷയിൽ വാഹന ഉടമ ശ്രദ്ധാലുവായിരിക്കണം. അതിനാൽ തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രം പോരെന്നും വാഹന ഉടമക്ക് അനാവശ്യ ബാധ്യതയുണ്ടാകുന്നത് ഒഴിവാക്കാൻ സമ്പൂർണ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.