ലക്നോ: റെയ്ഡിനിടെ ബിസിനസുകാരൻ മരിച്ച സംഭവത്തിൽ ആറു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഗൊരഖ്പുരിലെ ഹോട്ടൽ മുറിയിൽ രാത്രി വളരെ വൈകി നടന്ന റെയ്ഡിനിടെയാണ് ബിസിനസുകാരനായ മനീഷ് കുമാർ ഗുപ്ത കൊല്ലപ്പെട്ടത്.
ബിസിനസുകാരനെ പൊലീസുകാർ മർദ്ദിച്ചുകൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. എന്നാൽ മുറിയിൽ തെന്നിവീണ് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ വാദം.
മനീഷ് കുമാർ ഗുപ്തയും രണ്ടു കൂട്ടുകാരും ചേർന്ന് ചൊവ്വാഴ്ച ഗോരഖ്പുരിലെ ഹോട്ടലിൽ റൂമെടുത്ത് താമസിച്ചിരുന്നു. അർധരാത്രി കഴിഞ്ഞതിനുശേഷം പൊലീസ് റൂമിൽ കടന്നുകയറി റെയ്ഡ് നടത്തുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. ബിസിനസ് പങ്കാളികളായ മൂവരും ചേർന്ന് ഗോരഖ്പൂരിൽ മറ്റൊരു സുഹൃത്തിനെ കാണാനെത്തിയതായിരുന്നു.
ഇതിനിടെയാണ് 12.30യോടെ ഏഴു പൊലീസുകാർ ഉൾപ്പെടുന്ന സംഘം വിളിച്ചുണർത്തിയത്. ആവശ്യപ്പെട്ട ഐ.ഡി കാർഡ് കാണിച്ചുകൊടുത്തിട്ടും പൊലീസ് തങ്ങളെ ഭീഷണിപ്പെടുത്തി. ഇതിനിടെ ചിലർ കൊല്ലപ്പെട്ട മനീഷിനെ മുറിക്ക് പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദ്ദിച്ചുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.
എന്നാൽ, സംശയകരമായ രീതിയിൽ മൂന്ന് പേർ സിറ്റിയിൽ റൂമെടുത്ത് താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്നും മനീഷ് റൂമിൽ കാൽതെന്നി വീണുമരിക്കുകയായിരുന്നു എന്നുമാണ് പൊലീസ് ഭാഷ്യം.
എന്നാൽ പൊലീസിന്‍റെ വിശദീകരണം വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് മനീഷിന്‍റെ ഭാര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.