ഭോപാൽ: മധ്യപ്രദേശിൽ വ്യവസായിയും ഭാര്യയും ആത്മഹത്യ ചെയ്തതിനെ ചൊല്ലി രാഷ്ട്രീയ വിവാദം. വ്യവസായിയായ മനോജ് പാർമറും ഭാര്യയുമാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സെഹോർ ജില്ലയിലെ അഷ്ട ടൗണിലെ വീട്ടിൽ പാർമറിനെയും ഭാര്യ നേഹയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എൻേഫാഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി), ബി.ജെ.പി നേതാക്കളുടെയും പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ഇവരുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. രാഹുൽ ഗാന്ധിയോടും മറ്റ് കോൺഗ്രസ് നേതാക്കളോടും തന്റെ മക്കളെ ഉപേക്ഷിക്കരുതെന്നും കുറിപ്പിൽ പറയുന്നു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ അഭിസംബോധന ചെയ്യുന്നതാണ് കുറിപ്പ്.
ഇരുവരും പാർട്ടി അനുഭാവികളായിരുന്നുവെന്നും അതിന്റെ പേരിൽ ഇ.ഡി പീഡിപ്പിക്കുകയായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ ദമ്പതികളുടെ മക്കൾ തങ്ങളുടെ കാശുകുടുക്ക രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
ദമ്പതികളുടേത് ഭരണകൂടം സ്പോൺസർ ചെയ്ത കൊലപാതകമാണെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിതു പട്വാരി ആരോപിച്ചു. ഇ.ഡിയുടെയും മറ്റ് അന്വേഷണ ഏജൻസികളുടെയും ഉപദ്രവത്തെ തുടർന്നാണ് നിരവധി നേതാക്കൾ ബി.ജെ.പിയിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സർക്കാറിന്റെയും ഇ.ഡി ഉദ്യോഗസ്ഥരുടെയും മാനസിക പീഡനത്തെ തുടർന്നാണ് പാർമറിനും ഭാര്യക്കും ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞു. കേസ് നിയമാനുസൃതം അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമൽ നാഥ് മുഖ്യമന്ത്രി മോഹൻ യാദവിനോട് ആവശ്യപ്പെട്ടു.
അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം പാർമറുമായി ബന്ധമുള്ള സെഹോർ, ഇന്ദോർ ജില്ലകളിലെ നാല് സ്ഥലങ്ങളിൽ ഡിസംബർ അഞ്ചിന് തിരച്ചിൽ നടത്തിയിരുന്നതായി ഇ.ഡിയുടെ ഭോപാൽ സോണൽ ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ പറഞ്ഞു.
നിരവധി രേഖകൾ കണ്ടെടുത്തതായും 3.5 ലക്ഷം രൂപയുടെ ബാങ്ക് ബാലൻസ് മരവിപ്പിച്ചതായും ഇ.ഡി അറിയിച്ചു. പാർമറിനും പി.എൻ.ബി സീനിയർ ബ്രാഞ്ച് മാനേജർക്കുമെതിരെ സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രധാനമന്ത്രി എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം, മുഖ്യമന്ത്രി യുവ ഉദ്യമി യോജന എന്നിവക്കുകീഴിൽ ആറുകോടി രൂപയുടെ വായ്പ എടുത്തതായും ഇത് വകമാറ്റി ചെലവഴിക്കുകയും പണമായി പിൻവലിക്കുകയും ചെയ്തതായും ഇ.ഡി ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടന്നുവരുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
അതേ സമയം മരണത്തിന്റെ പേരിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
ഭോപ്പാൽ: മധ്യപ്രദേശിൽ ആത്മഹത്യചെയ്ത വ്യവസായി മനോജ് പർമാറിന്റെ മക്കളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. രാഹുൽ ഗാന്ധി കുട്ടികളെ ആശ്വസിപ്പിച്ചു. ബി.ജെ.പിയിൽ ചേരണമെന്ന ഇ.ഡിയുടെ സമ്മർദ്ദത്തിന് വഴങ്ങാതെയാണ് പിതാവ് ജീവനെടുത്തതെന്ന് പർമാറിന്റെ മൂത്തമകൻ രാഹുൽ ഗാന്ധിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.