ന്യൂഡൽഹി: സംഘർഷാവസ്ഥ തുടരുന്ന ഉത്തർപ്രദേശിലെ സംഭലിൽ മുസ്‍ലിം യൂത്ത് ലീഗ് ദേശീയ നേതൃസംഘം സന്ദർശിച്ചു. സംഭൽ ശാഹി മസ്ജിദിലെത്തിയ യൂത്ത് ലീഗ് നേതാക്കൾ വെടിവെപ്പിൽ മരിച്ച അഞ്ച് മുസ്‌ലിം ചെറുപ്പക്കാരുടെ ബന്ധുക്കളുമായും സംസാരിച്ചു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു, വൈസ് പ്രസിഡന്റ് അഡ്വ.ഷിബു മീരാൻ, സെക്രട്ടറി സി.കെ. ശാക്കിർ എന്നിവരാണ് യൂത്ത് ലീഗ് സംഘത്തിലുണ്ടായിരുന്നത്.
പൊലീസ് വെടിവെപ്പ് നടത്തിയ സമയത്ത് മാർക്കറ്റിൽ പോയി വരുകയായിരുന്ന മൂന്ന് യുവതികൾ ഉൾപ്പെടെ നാൽപതിലധികം പേർ മുറാദാബാദ് ജയിലിലാണ്. നിരവധി പേരെ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്. ഇവരുടെ കുടുംബങ്ങൾ പൊലീസ് വേട്ട ഭയന്ന് വീട് അടച്ചുപൂട്ടി പോയിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ വീടുകൾക്ക് മുന്നിലെല്ലാം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് സന്ദർശകരെ വിലക്കുകയാണ്. നഗരത്തിലും ശാഹി മസ്ജിദിന് ചുറ്റും കനത്ത പൊലീസ് കാവലുണ്ട്.
മുസ്‍ലിം ലീഗ് യു.പി സംസ്ഥാന സെക്രട്ടറി ഡോ.കലിം അഷ്റഫ്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി മുഹമ്മദ് കാസിം തുർക്കി, സംഭൽ സിറ്റി യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സുൽഫിക്കർ മുന്ന, അൻസരി ഖൈർ, മുഹമ്മദ് സലിം എന്നിവർ നേതാക്കൾക്കൊപ്പമുണ്ടായിരുന്നു. ശാഹി മസ്ജിദിൽ ഇശാ നമസ്കാരത്തിൽ പങ്കെടുത്ത യൂത്ത് ലീഗ് നേതാക്കൾ ഇമാം ഹാഫിസ് മുഹമ്മദ് ഫഹീമുമായി സംസാരിച്ചു. സർവേക്കെത്തിയ പൊലീസും ഉദ്യോഗസ്ഥരും പരുഷമായാണ് പെരുമാറിയതെന്ന് അന്ന് പള്ളിയിൽ ഉണ്ടായിരുന്ന മുഹമ്മദ് ഫഹിം പറഞ്ഞു.
നവംബർ 24ന് ജില്ല പൊലീസ് സൂപ്രണ്ട്, ജില്ല മജിസ്ട്രേറ്റ് എന്നിവരുടെ നേതൃത്വത്തിൽ വലിയ സന്നാഹങ്ങളോടെയാണ് പിന്നീട് സർവേ നടന്നത്. തുടക്കം മുതൽ ഉദ്യോഗസ്ഥ സംഘം പ്രകോപനങ്ങൾ സൃഷ്ടിച്ചു. പള്ളിക്കുപുറത്ത് ധാരാളം വിശ്വാസികൾ തടിച്ചുകൂടിയിരുന്നു. അംഗശുദ്ധി വരുത്തുന്ന വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടത് പുറത്തുള്ള വിശ്വാസികളെ ആശങ്കപ്പെടുത്തി. സമാധാനം പാലിക്കാൻ നിരന്തരം ആഹ്വാനം ചെയ്തു കൊണ്ടിരുന്നുവെന്ന് യൂത്ത് ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ഇമാമിനൊപ്പം പങ്കെടുത്ത ശാഹി മസ്ജിദ് അഭിഭാഷകനും കമ്മിറ്റി ഭാരവാഹിയുമായ അഡ്വ. മഷ്ഹൂദ് അലി ഫാറൂഖി പറഞ്ഞു.
ഇതിനിടെ ഒരുകൂട്ടം ആളുകൾ പ്രകോപനപരമായ രൂപത്തിൽ ജയ്ശ്രീരാം വിളിച്ചുവന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. പൊലീസ് ഇതിനായി കാത്തുനിന്നതുപോലെ പൊടുന്നനെ ലാത്തിവീശി, ടിയർ ഗ്യാസ് പ്രയോഗിച്ചു. തൊട്ടുപിന്നാലെ ജനക്കൂട്ടത്തിനുനേരെ നിറയൊഴിച്ചു. റബർ ബുള്ളറ്റുകൾ മാത്രമാണ് ഉപയോഗിച്ചത് എന്ന യു.പി പൊലീസിന്റെ വാദം പച്ചക്കള്ളമാണെന്ന് ഇമാമും പള്ളിക്കമ്മിറ്റി ഭാരവാഹികളും പറഞ്ഞു.
മസ്ജിദിന്റെ അധികം അകലെയല്ലാതെ ധാരാളം ഹിന്ദു കുടുംബങ്ങൾ വർഷങ്ങളായി കഴിയുന്നുണ്ട്. നൂറ്റാണ്ടുകളായി മുടങ്ങാതെ നമസ്കാരം നടക്കുന്ന ശാഹി മസ്ജിദിനെ ചൊല്ലി ഇതുവരെ പരാതികളൊന്നും ഉയർന്നിട്ടില്ല. സൗഹൃദാന്തരീക്ഷം നിലനിന്ന സംഭൽ നഗരം ഇപ്പോൾ വിജനമാണ്. ജനജീവിതം നിശ്ചലമാണ്. മുസ്‍ലിം ലീഗിനു വേണ്ടി സമർപ്പിച്ച ഹരജികളടക്കം ഇതുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിച്ച സുപ്രീം കോടതി ആരാധനാലയ സർവേകൾ തടഞ്ഞുകൊണ്ട് ഉത്തരവിട്ടത് ആശ്വാസമായിട്ടുണ്ടെന്നും ശാഹി മസ്ജിദ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.