ജയ്പുർ: രാജസ്താനിലെ പട്ടണമായ മൽപുരയിൽ മുസ്ലിംകൾ 'ലാൻഡ് ജിഹാദ്' നടത്തുന്നുവെന്ന ആരോപണവുമായി ബി.ജെ.പി എം.എൽ.എ. മൽപുരയിൽ നിന്നുള്ള എം.എൽ.എ കനയ്യ ലാലാണ് വെള്ളിയാഴ്ച നിയമസഭയിൽ ഇതുസംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മൽപുര ഒരു സെൻസിറ്റീവ് പട്ടണമാണെന്നും 1950 മുതൽ നിരന്തരമായി സാമുദായിക സംഘർഷങ്ങൾ ഉണ്ടാവുകയും നൂറിലധികം പേർ മരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'മുസ്ലിം സമൂഹം കാമ്പയിൻ നടത്തുകയാണ്. ഹിന്ദു സമൂഹത്തിന്‍റെ വീടുകളും ഭൂമിയും സംസ്ഥാന സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ ഉയർന്ന വിലക്കാണ് വാങ്ങുന്നത്. അനധികൃതമായി വാങ്ങുന്ന ഈ വീടുകളിൽ അവർ താമസിക്കാൻ തുടങ്ങുന്നു. തുടർന്ന് എല്ലാ ദിവസവും ഹിന്ദു അയൽക്കാരെ ഭീഷണിപ്പെടുത്തുകയാണ്' -കനയ്യ ലാൽ ആരോപിച്ചു.
'ഹിന്ദു പെൺകുട്ടികളെയടക്കം ഇവർ ആക്ഷേപിക്കുന്നുണ്ട്. ഇത് അരക്ഷിതവും ഭീതിജനകവുമായ അന്തരീക്ഷത്തിലേക്ക് നാടിനെ നയിച്ചു. ഈ ഭാഗത്തുനിന്ന് 800ഓളം കുടുംബങ്ങളാണ് പലായനം ചെയ്തത്. മുസ്ലിം പ്രദേശത്തോട് ചേർന്നുള്ള ഒമ്പത് വാർഡുകളിലെ ഭൂരിഭാഗം ഹിന്ദു കുടുംബങ്ങളും പലായനം ചെയ്തു. മറ്റു രണ്ട് വാർഡുകളിൽ ജൈന ക്ഷേത്രങ്ങൾ നിലകൊള്ളുന്നുണ്ട്. ഇവിടത്തെ വഴികളിൽ അസ്ഥികൾ ഉപേക്ഷിക്കുകയാണ്. ചിലർ മൽപുര സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇത് തടയാൻ കർശനമായ നിയമം കൊണ്ടുവരണം' -കനയ്യ ലാൽ നിയമസഭയിൽ പറഞ്ഞു.
മൽപുരയിൽനിന്ന് ഹിന്ദു കുടുംബങ്ങൾ പലായനം ചെയ്യുകയാണെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയും രംഗത്തുവന്നിട്ടുണ്ട്. ഇവിടത്തെ സ്ഥിതിഗതികൾ മനസ്സിലാക്കാൻ ബി.ജെ.പി അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.