‘വിവേകാനന്ദപ്പാറയിൽ ഇരുന്നാലോ ഗംഗയിൽ മുങ്ങിക്കുളിച്ചാലോ ഗാന്ധിജിയെ മനസ്സിലാക്കാൻ കഴിയില്ല, അതിന് പഠിക്കണം’; പരിഹാസവുമായി ഖാർഗെ

ന്യൂഡൽഹി: വിവേകാനന്ദപ്പാറയിൽ ഇരുന്നാലോ ഗംഗാ നദിയിൽ മുങ്ങിക്കുളിച്ചാലോ ഗാന്ധിജിയെ മനസ്സിലാക്കാൻ കഴിയില്ലെന്നും അതിന് പഠിക്കുക തന്നെ​ വേണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മഹാത്മ ഗാന്ധിയെ കുറിച്ചുള്ള സിനിമ ഇറങ്ങുംവരെ അദ്ദേഹത്തെ ലോകത്തിന് അറിയില്ലായിരുന്നെന്ന മോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ജൂൺ നാലിന് ശേഷം മോദിക്കും മറ്റ് ബി.ജെ.പി നേതാക്കൾക്കും ഗാന്ധിയെക്കുറിച്ച് വായിക്കാൻ ധാരാളം സമയം ലഭിക്കും. അവർ അദ്ദേഹത്തിന്റെ ജീവചരിത്രവും എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകവും നിർബന്ധമായും വായിക്കണം. മഹാത്മാഗാന്ധിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയില്ലെങ്കിൽ, ഭരണഘടനയെക്കുറിച്ചും അദ്ദേഹത്തിന് അറിയില്ലായിരിക്കാം. ഗാന്ധിജിക്ക് സ്വരാജിനെക്കുറിച്ച് ഒരു ദർശനമുണ്ടായിരുന്നു, അദ്ദേഹം അതിനായി പോരാടി. മോദിയോ ബി.ജെ.പിയിലെ മറ്റുള്ളവരോ ഗാന്ധിജിയെ കുറിച്ച് അറിവില്ലാത്തവരോ ജൂൺ നാലിന് ശേഷം ഒഴിവുസമയം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ ജീവചരിത്രം വായിക്കണമെന്ന് പറയാൻ എനിക്ക് ആഗ്രഹമുണ്ട്’ -ഖാർഗെ പറഞ്ഞു.

‘ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെ പ്രചാരണത്തെയും കുറിച്ച് പറയുകയാണെങ്കിൽ, കഴിഞ്ഞ 15 ദിവസത്തിനിടെ അദ്ദേഹം കോൺഗ്രസിനെ 232 തവണയാണ് പരാമർശിച്ചത്. ‘മോദി’ എന്ന സ്വന്തം പേര് 758 തവണ പഞ്ഞപ്പോൾ ഇൻഡ്യ സഖ്യത്തെയും പ്രതിപക്ഷ പാർട്ടികളെയും കുറിച്ച് 573 തവണയാണ് സംസാരിച്ചത്. എന്നാൽ, വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് ഒരിക്കൽ പോലും സംസാരിച്ചില്ല. പ്രധാന വിഷയങ്ങൾ മാറ്റിനിർത്തി പ്രചാരണത്തിൽ തന്നെക്കുറിച്ച് മാത്രമാണ് അദ്ദേഹം സംസാരിച്ചതെന്ന് ഇത് വ്യക്തമാക്കുന്നു’ -ഖാർഗെ കൂട്ടിച്ചേർത്തു.

മോദിയുടെ വർഗീയതയും ജാതീയതയും പറഞ്ഞുള്ള പ്രചാരണത്തിനെതിരെ നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമീഷനെയും അദ്ദേഹം വിമർശിച്ചു. ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ ഇൻഡ്യ സഖ്യം അധികാരത്തിലെത്തും. തങ്ങളുടെ സർക്കാർ എല്ലാവരെയും ഉൾക്കൊള്ളുന്നതും ദേശീയത മുറുകെപ്പിടിക്കുന്നതും വികസനപരവുമായിയിരിക്കും. ഭരണഘടനയെ സംരക്ഷിക്കാൻ ജനങ്ങൾ കൂട്ടമായെത്തി ബി.ജെ.പി സർക്കാറിനെതിരെ വോട്ട് ചെയ്തെന്നും ഖാർഗെ അവകാശപ്പെട്ടു. 

Tags:    
News Summary - By sitting at Vivekananda rock or taking a dip in the sea of river Ganges, one will not understand Gandhi -Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.