ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) തയാറാക്കുന്നതിന് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പാർലമെൻറ് സമിതിയെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തവണ സെൻസസ് ഡിജിറ്റൽ രൂപത്തിലാണെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണിത്. കോവിഡ് മൂലം സെൻസസും ജനസംഖ്യാ രജിസ്റ്ററുമായി (എൻ.പി.ആർ) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. സെൻസസിനുവേണ്ടി ശേഖരിക്കുന്ന എല്ലാ വിവരങ്ങളും രഹസ്യമായിരിക്കുമെന്ന് സർക്കാർ വിശദീകരിച്ചു. ഭരണപരമായ ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കും. സെൻസസിനെക്കുറിച്ചും എൻ.പി.ആറിനെക്കുറിച്ചും ജനങ്ങൾക്കുള്ള ഭയാശങ്കകൾ നേരത്തേ പാർലമെൻറ് സമിതി ചൂണ്ടിക്കാണിച്ച പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.
സെൻസസ്, എൻ.പി.ആർ എന്നിവയെക്കുറിച്ച് വ്യക്തത നൽകുന്ന വിപുലമായ പ്രചാരണം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സർക്കാർ വിശദീകരിച്ചു. എൻ.പി.ആറിനെയും ആധാറിനെയും ബന്ധിപ്പിക്കില്ല. പേരുകളുടെ ഇരട്ടിപ്പ് ഒഴിവാക്കാനും സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ കൃത്യമായി നിർണയിക്കാനുമാണ് ആധാർ ഉപയോഗപ്പെടുത്തുന്നത്. എൻ.പി.ആർ ജനസംഖ്യയുമായി ബന്ധപ്പെട്ട രജിസ്റ്ററാണെന്നും സർക്കാർ വിശദീകരിച്ചു.
പൗരത്വ നിയമഭേദഗതിക്ക് അനുസൃതമായ ചട്ടങ്ങൾ രൂപപ്പെടുത്താൻ ആറു മാസം കൂടി എടുക്കുമെന്ന് സർക്കാർ അറിയിച്ചു. ചട്ടം രൂപപ്പെടുത്തുന്ന കാര്യത്തിൽ ബന്ധപ്പെട്ട സഭാ സമിതികൾ സമയം നീട്ടിനൽകിയതായും ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ വിശദീകരിച്ചു. രാജ്യസഭ സമിതി ജൂലൈ ഒമ്പതു വരെയും ലോക്സഭ സമിതി ഏപ്രിൽ ഒമ്പതു വരെയുമാണ് സമയം നൽകിയിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമം കഴിഞ്ഞ വർഷം ജനുവരി 10നാണ് പ്രാബല്യത്തിൽ വന്നത്. പൗരത്വ നിയമ ഭേദഗതി, എൻ.ആർ.സി എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് എൻ.പി.ആർ പ്രവർത്തനവുമായി സഹകരിക്കില്ലെന്ന് നിരവധി സംസ്ഥാനങ്ങൾ നിലപാട് എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.