ഡൽഹി : നെല്ല് സംഭരണത്തിലും വിത്തും വളവും വിൽക്കുന്നതിലും വ്യാപകമായ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിഹാറിലെ കൃഷിമന്ത്രി സുധാകർ സിംഗ്. ഞായറാഴ്ച തന്റെ ചുമതലയിലുള്ള ഫാം ഡിപ്പാർട്ട്‌മെന്റിലെ അഴിമതിയിൽ അതൃപ്തി സുധാകർ സിംഗ് പരസ്യമായി അറിയിക്കുകയായിരുന്നു.
കൃഷി വകുപ്പ് മന്ത്രി എന്ന നിലയിൽ, നിങ്ങൾക്ക് എന്നെ ചോരോൺ കാ സർദാർ (കള്ളന്മാരുടെ നേതാവ്) എന്ന് വിളിക്കാം," രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് സിംഗ് ഞായറാഴ്ച കൈമൂർ ജില്ലയിലെ ചന്ദിൽ നടന്ന പൊതുസമ്മേളനത്തിൽ പറഞ്ഞു. ക്രമക്കേടുകൾ പരിശോധിക്കുമെന്ന് പ്രതിജ്ഞയെടുത്ത മന്ത്രി, പരാജയപ്പെട്ടാൽ പ്രതിഷേധവുമായി തെരുവിലിറങ്ങാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
നെല്ല് സംഭരണം, വിത്ത് വിൽപന, വളം വിതരണം, ഡീസൽ, സബ്‌സിഡി അനുവദിക്കൽ എന്നിവയിലെ അഴിമതിയും കെടുകാര്യസ്ഥതയും സംബന്ധിച്ച് മന്ത്രിയായി നിയമിതനായ അദ്ദേഹത്തെ അഭിനന്ദിക്കുന്ന ചടങ്ങിൽ നൂറുകണക്കിന് കർഷകർ പരാതിപ്പെട്ടതിനെ തുടർന്നാണ് സിംഗിന്റെ പ്രതികരണം.100 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരൾച്ചയാണ് ബിഹാറിൽ അനുഭവപ്പെടുന്നതെന്നും എന്നാൽ ഉദ്യോഗസ്ഥർ വ്യാജ റിപ്പോർട്ടുകളിലൂടെ സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ ജാമുയി, മുംഗർ ജില്ലകൾ സന്ദർശിച്ചു, മഴക്കുറവ് മൂലം വരൾച്ച നേരിടുന്നതായി കണ്ടു. പക്ഷേ നല്ല മഴയും പച്ചപ്പുമാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നത്. അതുപോലെ, ബിഹാർ രാജ്യ ബീജ് നിഗം ലിമിറ്റഡിൽ നിന്ന് ഒരു കർഷകനും വിത്തുകൾ വാങ്ങിയിട്ടില്ല, അതിന്റെ ഗുണനിലവാരത്തിൽ വിശ്വാസമില്ലായ്മ കാരണമാണിതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ രീതികൾ മാറ്റി കർഷകരുടെ താൽപര്യം മുൻനിർത്തി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കൃഷി ഉദ്യോഗസ്ഥർക്ക് സിങ് മുന്നറിയിപ്പ് നൽകി.
അതേസമയം സംസ്ഥാന ഫുഡ് കോർപ്പറേഷനിൽ 5.31 കോടി രൂപയുടെ അരി തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ സുധാകർ സിംഗ് പ്രതിയാണെന്ന് മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഴിമതിയുമായി ബന്ധപ്പെട്ട് സുധാകർ സിങ്ങിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.